ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹാജിക്ക സ്മാരക ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയർമാൻ എസ്.എ.എം. ബഷീർ, ഹാജിക്കയുടെ മകൻ ഷഹീൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും യൂത്ത് വെൽഫെയർ കൺവീനർ സമീർ അഹമ്മദ് നന്ദിയും പറഞ്ഞു. 40 വർഷക്കാലത്തോളം ഖത്തറിലെ ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഹാജിക്കയുടെ സ്മരണ നിലനിർത്തുന്നതിനും വിദ്യാർഥികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും പരോപകാര പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ വർഷവും ഹാജിക്ക ഉപന്യാസ മത്സരം നടത്തിവരുന്നത്. നവംബറിൽ ഭവൻസ് പബ്ലിക് സ്കൂളിൽ നടത്തിയ മത്സരത്തിൽ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നും സീനിയർ-ജൂനിയർ വിഭാഗങ്ങളിലായി ഏതാണ്ട് 230ഓളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഐഷ മനാൽ ഒന്നാം സ്ഥാനവും എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ സൗപർണിക രാജ്കുമാർ രണ്ടാംസ്ഥാനവും, ഡി.പി.എസ്-മോഡേൺ ഇന്ത്യൻ സ്കൂളിലെ അൻവിത ശേഖർ മൂന്നാംസ്ഥാനവും നേടി. നോബിൾ ഇന്റർനാഷനൽ സ്കൂളിലെ മരിയ അജയ് ചെമ്മല, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ ഷമിത ആനന്ദ് എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ജൂനിയർ വിഭാഗത്തിൽ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ പ്രണവി തമിഴരശൻ ഒന്നാംസ്ഥാനവും ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അദിദേവ് സജിത്ത് രണ്ടാംസ്ഥാനവും എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ റിഹാബ് ഷമീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഭവൻസ് പബ്ലിക് സ്കൂളിലെ എ.എം. രാഘവ്, ഐഡിയൽ ഇന്ത്യൻ സ്കൂളിലെ ആദർശ് അനിൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
ചടങ്ങിൽ ഹാജിക്കയുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ഭവൻസ് പബ്ലിക് സ്കൂളിനുള്ള ഉപഹാരം ഡയറക്ടർ അഞ്ജന മേനോൻ ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും, മത്സരം നിയന്ത്രിക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്ത അധ്യാപകർക്കും, കമ്യൂണിറ്റി വളന്റിയേഴ്സിനും സർട്ടിഫിക്കറ്റുകളും മെമന്റോകളും കൈമാറി.ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം ടി. രാമശെൽവം, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, വിവിധ കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ട്രഷറർ കുൽദീപ് കൗർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.