ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, അൽമുഫ്ത കോൺട്രാക്റ്റിങ് കമ്പനിയുമായി സഹകരിച്ച്, ബർക്കത്ത് അൽ അമീറിലെ അൽമുഫ്ത ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി നോമ്പുതുറ സംഘടിപ്പിച്ചു. തൊഴിലാളി സഹോദരങ്ങളും ക്ഷണിക്കപ്പെട്ട കമ്യൂണിറ്റി നേതാക്കളുമടക്കം 1200ഓളം പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. സഹനത്തിന്റെയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും മഹത്വം വിളിച്ചോതുന്നതാണ് റമദാൻ മാസമെന്നും ഇത്തരമൊരു നോമ്പുതുറയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷതവഹിച്ചു. ഐ.സി.ബി.എഫുമായി സഹകരിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് അൽമുഫ്ത കോൺട്രാക്ടിങ് കമ്പനി ജനറൽ മാനേജർ വീരേഷ് മന്നങ്കി പറഞ്ഞു. ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് നിലാംഗ്ഷു ഡേ, എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിൻകർ ശങ്ക്പാൽ, മുൻ പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐ.സി.ബി.എഫ് ഉപദേശകസമിതി അംഗം ശശിധർ ഹെബ്ബാൽ എന്നിവർ പങ്കെടുത്തു. ഇസ്തിയാഖ് അഹമ്മദ് റമദാൻ സന്ദേശം നൽകി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി പരിപാടികൾ ഏകോപിപ്പിച്ചു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ കുൽദീപ് കൗർ ബഹൽ ചടങ്ങിന് നന്ദിയും പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, സെറീന അഹദ്, കുൽവീന്ദർ സിങ് ഹണി, അബ്ദുൾ റഊഫ് കൊണ്ടോട്ടി, സമീർ അഹമ്മദ്, അൽമുഫ്ത ജീവനക്കാർ, കമ്യൂണിറ്റി വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.