ഇൻകാസ്​ ഖത്തറിലെ കെ.പി.സി.സി പുനസംഘടന തള്ളി ഐ.സി.സി; തെരഞ്ഞെടുപ്പ്​ ജൂൺ 23ന്​

ദോഹ: കോൺഗ്രസ്​ പ്രവാസി ഘടകമായ ഖത്തർ ഇൻകാസ്​സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച്​ എംബസി ​അപെക്സ്​ സംഘടനയായ ഐ.സി.സി. കെ.പി.സി.സി പുനസംഘടിപ്പിച്ച ഭാരവാഹിപട്ടിക തള്ളികൊണ്ടാണ്​ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി ജൂൺ 23ന്​ ​ഓൺലൈൻ വോട്ടെടുപ്പ്​ നടത്താൻ നിർദേശിച്ചത്​. ​ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ (ഐ.സി.സി) രജിസ്റ്റർ ചെയ്ത സംഘടന എന്ന നിലയിൽ പാലിക്കേണ്ട ഭരണഘടനാ നിർദേശങ്ങൾ ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുപ്പ്​ നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്താൻ ഉത്തരവിട്ടത്​. തെരഞ്ഞെടുപ്പ്​ ​നോട്ടിഫിക്കേഷൻ നടപടികൾ വിവരിച്ചുകൊണ്ടുള്ള നോട്ടീസ്​ ഐ.സി.സി കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. അംബാസഡറുടെ അംഗീകാരത്തോടെയാണ്​ ഐ.സി.സി പ്രസിഡൻറ്​ പി.എൻ ബാബുരാജൻ ഒപ്പിട്ട തെരഞ്ഞെടുപ്പ്​ നോട്ടീസ്​ പ്രസിദ്ധീകരിച്ചത്​.

വർഷങ്ങളായ ഗ്രൂപ്പ്​ തിരിഞ്ഞ്​ തുടരുന്ന ചേരിപ്പോരിനൊടുവിലാണ്​ എതിർ വിഭാഗത്തിന്‍റെ ആവശ്യങ്ങൾക്കുള്ള അംഗീകാരമായി ഇൻകാസ്​ സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം. പുതിയ ഭാരവാഹി പട്ടിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ മേയ്​ 20ന്​ തൊട്ടു തലേദിനമായിരുന്നു നേതൃത്വം പുനസംഘടിപ്പിച്ചുകൊണ്ട്​ കെ.പി.സി.സി പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്​. നിലവിലെ പ്രസിഡന്‍റായിരുന്ന സമീർ ഏറാമല​യെ നിലനിർത്തിയും, ശ്രീജിത്​ നായറെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചുമായിരുന്നു ​കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്​. എതിർ വിഭാഗത്തിൽ നിന്ന്​ ഏഴ്​ പേരെയും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പുനസംഘടനാ ലിസ്റ്റ്​ പുറത്തിറങ്ങിയതിനു പിന്നാലെ അസ്വാരസ്യങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലെത്തി. എതിർ വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളായ സെക്രട്ടറി മുനീർ വെളിയംകോട്, ഷിബു സുകുമാരൻ, വൈസ്​ പ്രസിഡന്‍റ്​ ഡേവിസ്​ ഇടശ്ശേരി, എക്സിക്യൂട്ടീവ്​ അംഗങ്ങളായ ടി.പി റഷീദ്, ബഷീർ തൂവാരിക്കൽ, ലത്തീഫ് കല്ലായി, ഓഡിറ്റർ അബ്ദുൾ റൗഫ് എന്നിവർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്​ വ്യക്​തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനു പുറമെ, പുനസംഘടനാ പട്ടികക്കെതിരെ പരാതികളും ഐ.സി.സിക്ക്​ ലഭിച്ചു.

ഏഴ്​ കാരണങ്ങൾ ഉന്നയിച്ചാണ്​ ഐ.സി.സി ഇൻകാസ്​ സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത്​. പുതുതായി സമർപ്പിച്ച ഭാരവാഹിപട്ടികക്കെതിരെ 200ൽ ഏറെ പരാതികൾ ലഭിച്ചതായും പുതിയ പട്ടിക അംഗീകരിക്കില്ലെന്നും, തെരഞ്ഞെടുപ്പ്​ നടത്തണമെന്നുമാണ്​ പരാതികളിലെ ആവശ്യമെന്നും വ്യക്​തമാക്കി. ഐക്യകണ്ഠേനയല്ല പട്ടിക തയ്യാറാക്കിയതെന്ന്​ പരാതികളുടെ അടിസ്ഥാനത്തിൽ വ്യക്​തമാവുന്നതായി ഐ.സി.സി നോട്ടീസിൽ അറിയിച്ചു. 11 അംഗ മാനേജിങ്​ കമ്മിറ്റി ടീം എന്ന ഉപാധി ലംഘിക്കപ്പെട്ടു, രണ്ട്​ വനിതാ ഭാരവാഹികളെങ്കിലും വേണമെന്ന നിർദേശം പാലിച്ചില്ല, അസോ. ഓർഗനൈസേഷൻ സംബന്ധിച്ച ഭരണഘടന പ്രകാരമുള്ള കാലാവധി കഴിഞ്ഞു, പ്രസിഡന്‍റായി നിർദേശികപ്പെട്ട വ്യക്​തി രണ്ട്​ ടേം കാലവധി കഴിഞ്ഞു, വാർഷിക ജനറൽ ബോഡി ചേർന്നതിന്‍റെ ​രേഖകൾ ഭാരവാഹിപട്ടികക്കൊപ്പം ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല തുടങ്ങിയ കാരണങ്ങളാണ്​ ഐ.സി.സി പുറത്തിറക്കിയ നോട്ടീസിൽ ചൂണ്ടികാണിക്കുന്നത്​.

Tags:    
News Summary - ICC rejects KPCC reorganization in Incas Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.