ദോഹ: ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നിർദേശവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് വിവിധ ജില്ല കമ്മിറ്റികളുടെ സംയുക്ത യോഗം. പ്രസിഡന്റ് ഉൾപ്പെടെ മുഴുവൻ സ്ഥാനങ്ങളിലേക്ക് നാമനിർദേശം നൽകാനാണ് ഒരുവിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായത്.
നിലവിലെ പ്രസിഡന്റിന്റെ കെടു കാര്യസ്ഥതയും പിടിപ്പുകേടുമാണ് ഇൻകാസിലെ പ്രശ്നങ്ങളെ ഈ സാഹചര്യത്തില്‍ എത്തിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. യഥാസമയം സംഘടന തെരഞ്ഞെടുപ്പു നടത്തുകയോ ഭരണഘടന പ്രകാരം ഭാരവാഹി പട്ടിക സമര്‍പ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ നിലവിലെ സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റും സെക്രട്ടറിയും ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുകയും അതുപ്രകാരം കഴിഞ്ഞ മേയ് 20 ന് മുമ്പ് ഏകകണ്ഠമായ ഭാരവാഹി ലിസ്റ്റ് കൊടുക്കുകയോ അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സമ്മതിക്കുകയും ചെയ്തതാണ്. ആ തീരുമാനം നടപ്പാക്കാത്തതിനാലാണ് ഇപ്പോൾ ഐ.സി.സിയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നും യോഗം വിലയിരുത്തി.
നിലവിൽ ഖത്തർ ഇൻകാസ് പ്രവർത്തിക്കുന്നത് ഐ.സി.സി അംഗീകാരമുള്ള സംഘടനയായാണ്. ആയതിനാൽ തെരഞ്ഞെടുപ്പിനെ നേരിട്ട് സംഘടനയുടെ അഫിലിയേഷൻ നിലനിർത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പ്രദീപ് പിള്ള കണ്‍വീനറും ബഷീര്‍ തുവാരിക്കല്‍, മജീദ് പാലക്കാട്, താജുദ്ദീന് തൃശൂര്‍, വി.എസ്. അബ്ദുറഹ്മാന്, അശ്റഫ് വാകയില്‍ എന്നിവര്‍ അംഗങ്ങളായും തെരഞ്ഞെടുപ്പ് സമിതി രൂപവത്കരിച്ചു. ഹൈദര്‍ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എ.പി. മണികണ്ഠന്, കെ.വി. ബോബന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും മജീദ് പാലക്കാട് നന്ദിയും പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടിപ്പിച്ച ഭാരവാഹി പട്ടികക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഐ.സി.സി സെൻടൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചത്. ജൂൺ 23നാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, കോൺഗ്രസ് പ്രവാസി പോഷക ഘടകം എന്ന നിലയിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടത്താൻ ഒരു ഏജൻസിയെയോ വ്യക്തികളെയോ നിശ്ചയിച്ചിട്ടില്ലെന്ന കെ.പി.സി.സി സർക്കുലറിലൂടെ ജില്ല, സെൻട്രൽ ഭാരവാഹികളെ അറിയിച്ചിരുന്നു. ഈ നിർദേശം തള്ളിയാണ് ഒരു വിഭാഗം ജില്ല കമ്മിറ്റികൾ ഐ.സി.സി വോട്ടെടുപ്പിന്റെ ഭാഗമാവാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.