ദോഹ: എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിനെതിരെ അംബാസഡർക്ക് പരാതിയുമായി ഇൻകാസ് സെൻട്രൽ കമ്മിറ്റി. കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസ് പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ തീരുമാനത്തെ തള്ളി ഏകപക്ഷീയമായി ഐ.സി.സി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അനധികൃത ഇടപെടൽ ആണെന്ന് ആരോപിച്ചാണ് ഇൻകാസ് അംബാസഡർ ഡോ. ദീപക് മിത്തലിന് പരാതി നൽകിയത്. ഐ.സിസിയുടെ ഇടപെടൽ അസോസിയേഷൻ നിയമാവലി അനുസരിച്ചുള്ളതല്ല എന്നും ആരോപണങ്ങൾക്ക് വിശദീകരണം നൽകിയിട്ടും നടപടി തിരുത്തിക്കൊണ്ടുള്ള ഒരു മറുപടിയും ലഭിക്കാത്ത സാഹചര്യത്തിലാണ് അംബാസഡർക്കു പരാതി നൽകിയതെന്നും ഇൻകാസ് സെൻട്രൽ കമ്മിറ്റി അറിയിച്ചു.
ഖത്തറിലെ ഏറ്റവും പഴക്കമുള്ളതും സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവവുമായ ഇൻകാസിനെതിരായ നടപടി ഇന്ത്യൻ കമ്യൂണിറ്റിയെയും വിവിധ അസോസിയേഷനുകളെയും ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയ് 28നാണ് ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശവുമായി ഐ.സി.സി നോട്ടീസ് ഇറക്കിയത്.
മേയ് 20ന് കെ.പി.സി.സി അധ്യക്ഷൻ നിലവിലെ പ്രസിഡന്റ് സമീർ ഏറാമലയെ നിലനിർത്തിക്കൊണ്ട് നടത്തിയ പുനഃസംഘടനാ പട്ടികക്കെതിരെ സംഘടനാ പ്രവർത്തകരിൽ നിന്നുതന്നെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യവും, മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയുമാണ് ഐ.സി.സി തെരഞ്ഞെടുപ്പിന് നിർദേശിച്ചത്. ജൂൺ 23നാണ് വോട്ടെടുപ്പ്.
2020 ഡിസംബർ 31ന്റെ വോട്ടർ പട്ടിക അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടത്താനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.