ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ മനോഹര കാഴ്ചകൾക്കു വേദിയായ ലുസൈലിൽ ഇന്നു മുതൽ രുചിയുടെ ഉത്സവകാലം. 12ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ലുസൈലിൽ തുടക്കമാവും. ഖത്തർ എയർവേസ്-ഖത്തർ ടൂറിസം സംയുക്തമായാണ് രുചിപ്പെരുമയുടെ ഈ മേളം തീർക്കുന്നത്. ലുസൈൽ ബൊളെവാഡിലെ ലുസൈൽ ടവറിനും അൽ സദ്ദ് പ്ലാസക്കുമിടയിലെ വിശാലമായ ഇടമാണ് അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ വേദിയാവുന്നത്. ലോകകപ്പ് ഫൈനലിനു പിന്നാലെ ലയണൽ മെസ്സിയും സംഘവും ആഘോഷം നയിച്ച വേദി കൂടിയായിരുന്നു ഇത്. ശനിയാഴ്ച ആരംഭിച്ച് മാർച്ച് 21 വരെ നീണ്ടുനിൽക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാകചവിദഗ്ധർകൂടി സമ്മേളിക്കുന്ന മേളയിൽ 100ഓളം കിയോസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാത്രികാല കുക്കിങ് തിയറ്റർ, പഞ്ചനക്ഷത്ര ഹോട്ടലുകളുമായി സഹകരിച്ചുള്ള പ്രീമിയം ഫുഡ് ലോഞ്ച്, ചായ, വിനോദ പരിപാടികൾ, കുടുംബ വിനോദങ്ങൾ തുടങ്ങി വിവിധ സൗകര്യങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള സജ്ജമാക്കിയത്.
ഖത്തർ-ഇന്തോനേഷ്യ ഇയർ ഓഫ് കൾച്ചറിന്റെ ഭാഗമായി ഇന്തോനേഷ്യൻ സ്പെഷലും ഭക്ഷ്യമേളയിൽ ലഭ്യമാവും. വരുന്ന ഒക്ടോബർ മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഹോർടികൾച്ചറൽ എക്സ്പോ പവിലിയനും ഇവിടെയുണ്ടാവും. ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് ഭക്ഷ്യമേള. അവധി ദിനം രാത്രി ഒരു മണിവരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.