ദോഹ: കൂടുതൽ പ്രവിശ്യകൾ കീഴടക്കിയും മരണം വിതച്ചും അഫ്ഗാനിൽ താലിബാൻ മുന്നേറുന്നതിനിടെ ദോഹയിൽ ഇന്ന് റഷ്യ, അമേരിക്ക നേതൃത്വത്തിൽ നിർണായക ചർച്ച. ഖത്തറിൻെറ നേതൃത്വത്തിൽ നടക്കുന്ന അഫ്ഗാൻ സമാധാന ചർച്ചകളുടെ തുടർച്ച എന്ന നിലയിലാണ് അമേരിക്കയും റഷ്യയും പങ്കാളികളാവുന്ന രാജ്യാന്തര സമാധാന ചർച്ചക്ക് ദോഹ വേദിയാവുന്നത്. കൂടുതൽ രാജ്യങ്ങളെയും അന്താരാഷ്ട്ര കക്ഷികളെയും പങ്കെടുപ്പിച്ച് വിപുലീകരിച്ച സമാധാന ചർച്ചയിൽ ഇരുരാജ്യത്തിനും പുറമെ, ഐക്യരാഷ്ട്ര സഭ, യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ, അഫ്ഗാൻെറ അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ, ഉസ്ബകിസ്താൻ എന്നിവയും പങ്കെടുക്കുന്നുണ്ട്.
അഫ്ഗാനിലെ രാഷ്ട്രീയ അവസ്ഥ കൂടുതൽ സങ്കീർണമാവുന്നതിനിടെ ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ ദോഹ ചർച്ചയെ കാണുന്നത്. നിർണായക യോഗത്തിൽ അഫ്ഗാൻെറ മറ്റൊരു അയൽരാജ്യമായ ഇന്ത്യക്ക് ക്ഷണമില്ല.യോഗത്തിൽ പങ്കെടുക്കാനായി അഫ്ഗാനിലെ അമേരിക്കൻ പ്രതിനിധി സൽമേ ഖലിൽസാദ് ചൊവ്വാഴ്ച ദോഹയിലെത്തി. അഫ്ഗാനിലെ പ്രത്യേക ദൂതൻ മുഹമ്മദ് സാദിഖ്, അംബാസഡർ മൻസൂർ ഖാൻ എന്നിവരാണ് പാകിസ്താനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത്. സമാധാന ശ്രമങ്ങൾക്കുള്ള ഹൈകൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ പ്രതിനിധി സംഘവും ദോഹയിലെത്തി.
അഫ്ഗാൻ സൈന്യവും താലിബാനും വെടിനിർത്തണമെന്ന് രാജ്യാന്തര സമൂഹം ആഹ്വാനം ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം, താലിബാൻ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
താലിബാൻ അക്രമത്തിൻെറയും ഏറ്റുമുട്ടലിൻെറയും വഴി ഉപേക്ഷിച്ച്, രാഷ്ട്രീയ പരിഹാരത്തിലേക്ക് വരണമെന്ന് അമേരിക്കൻ നയതന്ത്ര പ്രതിനിധി സൽമേ ഖലിൽസാദ് ദോഹയിൽ ആവശ്യപ്പെട്ടു. അഫ്ഗാനിൻെറ സുസ്ഥിരതക്കും വികസനത്തിനും സമാധാന പാതമാത്രമാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിലൂടെ മാത്രേമ അഫ്ഗാനിലെ നിലവിലെ രാഷ്ട്രീയ അവസ്ഥക്ക് പരിഹാരം കാണാൻ കഴിയൂ. രാഷ്ട്രീയ ഒത്തുതീർപ്പിലൂടെ സമവായമുണ്ടാക്കാൻ അമേരിക്ക എല്ലാ പ്രാദേശിക വിഭാഗങ്ങളുമായും അന്തർദേശീയ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാർച്ചിലും ഏപ്രിലിലുമായി വിപുലീകൃത രാഷ്ട്രങ്ങളുടെ സമാധാന ചർച്ചകൾ നടന്നിരുെന്നങ്കിലും നിലവിൽ അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ വഷളായതിനാൽ ഈ കൂട്ടായ്മക്ക് ഏറെ പ്രധാന്യമുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ ആറു പ്രവിശ്യകൾ പിടിച്ചടക്കിയതായി തിങ്കളാഴ്ച താലിബാൻ പ്രഖ്യാപിച്ചിരുന്നു. വടക്കൻ അഫ്ഗാനിസ്താനിലെ സമൻഗൻ പ്രവിശ്യ തലസ്ഥാനമായ ഐബക് നഗരമാണ് ഏറ്റവും ഒടുവിലായി താലിബാൻെറ പിടിയിലായത്. ഹെറാത്ത്, കാന്തഹാർ, ഹെൽമന്ദ്, കുന്ദുസ്, സാർ ഇ പുൽ എന്നിവ ഒരാഴ്ചക്കിടെ താലിബാൻ പിടിച്ചടക്കി.അഫ്ഗാനിലെ സമാധാന ശ്രമങ്ങൾക്കായി ഖത്തറിൻെറ നേതൃത്വത്തിൽ ഇതിനകംതന്നെ പല ചർച്ചകളും കഴിഞ്ഞു. ഏറ്റവും ഒടുവിൽ ജൂലൈയിലും ഖത്തറിൻെറ മധ്യസ്ഥതയിൽ അഫ്ഗാൻ-താലിബാൻ പ്രതിനിധികൾ ദോഹയിൽ യോഗം ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.