ദോഹ: ശനിയാഴ്ച രാവിലെ നജ്മയിലെ ഫ്ലാറ്റിലേക്ക് കാളിങ് ബെൽ മുഴക്കി കടന്നുവന്ന അതിഥി ആ വീട്ടുകാരിലും ഒരു നിമിഷം അമ്പരപ്പായി. മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഇമ്പമാർന്ന ശബ്ദത്തിന്റെ ഉടമ കണ്ണൂർ ശരീഫ്. പാട്ടും സംഗീതവുമൊന്നും വിശേഷമല്ലാത്ത കൂടിക്കാഴ്ചക്ക് വേദിയായത് ഹമദ് മെഡിക്കൽകോർപറേഷനിൽ നഴ്സായ മിനി സിബിയുടെ വീടായിരുന്നു. പ്രിയപ്പെട്ട ഉമ്മയുടെ വേർപാടിന്റെ വേദനകൾ പങ്കുവെച്ചും, അവരുടെ അവസാന നാളിലെ കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞും മലയാളിയുടെ പ്രിയ ഗായകൻ ഏതാനും സമയം അവർക്കൊപ്പം ചെലവഴിച്ചു.
ആ കൂടിക്കാഴ്ചയിലേക്കുണ്ടായ സാഹചര്യം കണ്ണൂർ ശരീഫ് വിശദീകരിക്കുന്നത് ഇങ്ങനെ.
'മീഡിയവൺ 'ഗീത് മൽഹാർ' പരിപാടിക്കായി ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പേ ഞാൻ ഏറെ ആഗ്രഹിച്ചതായിരുന്നു മിനിചേച്ചിയെ ഒന്നു കാണാൻ. അത്രയേറെ പ്രിയപ്പെട്ടതായി മാറിയിരുന്നു ഞങ്ങളുടെ കുടുംബത്തിന് അവർ നൽകിയ കരുതൽ. ഒരു വർഷം മുമ്പ് കണ്ണൂർ ജില്ല ആശുപത്രിയിൽ ഉമ്മ കോവിഡ് പോസിറ്റിവായി ഗുരുതരാവസ്ഥയിലായ സമയം. ഞാനും കുടുംബവും പോസിറ്റിവായി വീട്ടിലും ഒറ്റപ്പെട്ടു കഴിയുന്നു. ഉമ്മയുടെ രോഗവിവരങ്ങൾ ഒന്നുമറിയാനാവാതെ ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷങ്ങളായിരുന്നു അത്.
എന്റെയാ സങ്കടം പ്രിയ സുഹൃത്ത് റഫീക്ക് പോക്കാക്കിയുമായി പങ്കുവെച്ചു. അല്പസമയം കഴിഞ്ഞപ്പോൾ ഖത്തറിൽ നിന്നൊരു ഫോൺകാൾ.. 'റഫീക്ക് പോക്കാക്കി പറഞ്ഞിട്ടാണ് വിളിക്കുന്നത്.. ഉമ്മയുടെ കാര്യമോർത്ത് വിഷമിക്കേണ്ട.. എല്ലാ കാര്യങ്ങൾക്കും ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. ധൈര്യമായിട്ടിരിക്ക്.. ഞങ്ങളുണ്ട് കൂടെ..'
അന്ന്, ദോഹയിലെ ജോലിത്തിരക്കിനിടയിൽ നിന്നായിരുന്നു മിനി സിബിയുടെ ഫോൺ വിളിയെത്തുന്നത്. അവർ പിന്നെ സഹോദരി തുല്യയായ മിനിച്ചേച്ചിയായി. നഴ്സിങ് സംഘടന വഴി ഉമ്മയെ പരിചരിക്കുന്ന നഴ്സിനെ കണ്ടെത്തുകയും ആശുപത്രിയിൽനിന്നുള്ള വിവരങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കുകയും ചെയ്തു. ചേച്ചി പറഞ്ഞപോലെ, ആ സമയം മുതൽ ഉമ്മയുടെ കാര്യങ്ങൾക്ക് ഒരു മുടക്കവും ഉണ്ടായില്ല. ഖത്തറിൽ നിന്നും മിനിചേച്ചിയുടെ നിർദേശാനുസരണം കണ്ണൂർ ജില്ല ആശുപത്രിയിൽ ജോലിചെയ്യുന്ന ഷീബ സിസ്റ്റർ ഉമ്മയെ സ്വന്തം അമ്മയെപ്പോലെ പരിചരിച്ചു. ഉമ്മയുടെ എല്ലാ വിവരങ്ങളും യഥാസമയം ഞങ്ങളെ അറിയിച്ചു. ഉമ്മയെ ഒരുനോക്ക് കാണാനാകാതെ, അരികിലിരുന്ന് ഒന്ന് തലോടാനാകാതെ മാനസികമായി ആകെ തളർന്നുപോയ ഞങ്ങളെ മിനിചേച്ചി ദിവസവും ഫോൺ വിളിച്ച് സാന്ത്വനിപ്പിച്ച് ധൈര്യമേകി കൂടെനിന്നു. 10 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ ഉമ്മ ദൈവത്തിലേക്ക് മടങ്ങിയെങ്കിലും മിനി ചേച്ചി എനിക്കും കുടുംബത്തിനുമൊരു സഹോദരിയായി മാറി. അവരെ, നേരിട്ട് കാണണമെന്നത് ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പേ എന്റെ വലിയൊരു ആഗ്രഹമായിരുന്നു' - കണ്ണുനിറഞ്ഞ കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ കണ്ണൂർ ശരീഫ് 'ഗൾഫ് മാധ്യമ'വുമായി പങ്കുവെച്ചു.
മീഡിയവൺ ദോഹ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ സംഘടിപ്പിച്ച ഗീത് മൽഹാർ സംഗീത പരിപാടിക്കെത്തിയതായിരുന്നു കണ്ണൂർ ശരീഫ്. വെള്ളിയാഴ്ച രാത്രിയിൽ 3000ത്തോളം സംഗീതാസ്വാദകർക്കു മുമ്പാകെ, പാട്ടുത്സവം തീർത്തശേഷം ശനിയാഴ്ച രാവിലെ മിനി സിബിയെ കാണാനുള്ള സർപ്രൈസ് യാത്ര. സുഹൃത്തുക്കളായ റഫീക്ക് പോക്കാക്കി, നൗഷാദ് മതയോത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനം അവരുടെ കുടുംബത്തിന് വലിയൊരു സർപ്രൈസായി മാറിയതായി ശരീഫ് ഓർക്കുന്നു. മിനി സിബി, മകൻ എബിക്കും ഭാര്യ ഫെബക്കും പിറന്ന പത്തു ദിവസം പ്രായമുള്ള കുഞ്ഞു ലൂക്കോ എന്നിവരെയും കണ്ടതിന്റെ സന്തോഷം ശരീഫ് പങ്കുവെച്ചു. തുടർന്ന് നഴ്സിങ് സംഘടനയായ യുനീകിന്റെ യോഗത്തിൽ അതിഥിയായെത്തുകയും, അവരുടെ ആവശ്യപ്രകാരം പാട്ടുപാടുകയും ചെയ്ത ശേഷമാണ് അനുഗൃഹീത ഗായകൻ മടങ്ങിയത്. ഞായറാഴ്ച രാവിലെ നാട്ടിലെത്തിയശേഷം, ഖത്തറിലെ സന്ദർശന വിശേഷവും ചിത്രങ്ങളും പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിപ്പിടാനും ശരീഫ് മറന്നില്ല. ഹമദ് മെഡിക്കൽ കോർപറേഷനിൽ ആംബുലേറ്ററി കെയർ സെന്റർ നഴ്സ് ഇൻചാർജും 'യുനീക്' പ്രസിഡന്റുമാണ് മിനി സിബി. കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് ഇവർ. ഖത്തർ പ്രവാസിയായിരുന്ന ഭർത്താവ് സിബി ജോസ് ഇപ്പോൾ നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.