ദോഹ: സാംസ്കാരിക ആസ്ഥാനമായ കതാറയിലേക്കായിരുന്നു വ്യാഴാഴ്ച രാത്രിയിൽ ഖത്തറിലെ മലയാളി സമൂഹത്തിന്റെ ഒഴുക്ക്. അവസാന പത്തിലേക്ക് റമദാനെത്തിയതിന്റെ ആദ്യ രാവിൽ കതാറയിലെ വിശാലമായ ആംഫി തിയറ്ററിന്റെ ഇരിപ്പിടങ്ങളിലിരുന്ന് അവർ സംസ്കരണ ചിന്തകളിലേക്കിറങ്ങി. ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയവും കതാറ കള്‍ച്ചറല്‍ വില്ലേജും സംഘടിപ്പിക്കുന്ന കതാറ റമദാൻ സംഗമമായിരുന്നു വേദി.
ലോകശ്രദ്ധ നേടിയ ആംഫി തിയറ്ററിൽ നടക്കുന്ന റമദാൻ സംഗമ വേദി ആദ്യമായി മലയാളി സമൂഹത്തിന് അനുവദിച്ചുനൽകിയപ്പോൾ രണ്ടായിരത്തോളം പേരുടെ ഇരിപ്പിടം നിറഞ്ഞുകവിഞ്ഞു. തിങ്ങിനിറഞ്ഞ ആംഫി തിയറ്റർ മഹാമാരിക്കു ശേഷമുള്ള മലയാളികളുടെ റമദാൻ സംഗമവേദികൂടിയായി. യുവപണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച് ദോഹ ഡയറക്ടറുമായ ഡോ. അബ്ദുല്‍വാസിഅ് ധർമഗിരിയായിരുന്നു പ്രഭാഷണം നടത്തിയത്.
ജീവിതവിഭവങ്ങളുള്ളവര് ഇല്ലാത്തവര്‍ക്ക് പകുത്തുനല്‍കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് റമദാനിൽ നടക്കേണ്ടതെന്ന് അദ്ദേഹം ആഹ്വനം ചെയ്തു. നോമ്പെടുത്തിട്ടും അയല്ക്കാരന്റെ വിശപ്പിന്റെ വിളി കേള്‍ക്കാതിരിക്കുന്ന അവസ്ഥയില്‍ നോമ്പിന്റെ ആത്മാവ് നഷ്ടപ്പെടും. ദാനധര്‍മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചിട്ടും കൊടുക്കുന്നവന് വാങ്ങുന്നവന് എന്ന അനുപാതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ റമദാൻ മുന്നോട്ടുവെക്കുന്ന സാമൂഹിക വിഭാവന പൂര്‍ത്തിയാക്കപ്പെടുന്നില്ല.
വിശപ്പും ദാഹവുമറിയുന്നവനേ സഹജീവിയുടെ വേദനയറിയൂ. വയറൊട്ടിയവന്റെ വേവലാതികളറിയാതെ ധൂര്‍ത്തും ദുര്‍വ്യയവുമായി ഇഫ്താറുകള്‍ ആഘോഷമാക്കുന്നവര്‍ നോമ്പിന്റെ പൊരുളറിയാത്തവരാണ്.
'ഇസ്ലാമിലെ എല്ലാ ആരാധനകളിലും സാമൂഹികതയുടെ മുഖംകൂടിയുണ്ട്. കര്‍മങ്ങളിലെ പോരായ്മകള്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളിലെല്ലാം സമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. ദുര്‍ബലരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വിമോചനവും വിഭവങ്ങളുടെ പങ്കുവെപ്പും നിര്‍ബന്ധമാക്കുക വഴി വിശ്വാസിയുടെ സാമൂഹിക പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ദേശത്യാഗം ചെയ്ത് മദീനയിലെത്തിയ വിശ്വാസിസംഘത്തിന് ജീവിതവിഭവങ്ങള്‍ വാരിക്കോരി നല്കി ചേര്‍ത്തുനിര്‍ത്തിയ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത്. ദുര്‍ബലന്റെ പ്രാര്‍ഥനകളാണ് ലോകത്തെ സുഗമമായി മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മോഹങ്ങളെ നിയന്ത്രിച്ചും ആത്മീയമായി ഉയർത്തിയും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മാതൃകയോഗ്യരായ മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് നോമ്പെന്ന് പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തിയ ടി.കെ. ഖാസിം പറഞ്ഞു. ഡോ. അബ്ദുൽ വാസിഇനുള്ള മന്ത്രാലയത്തിന്റെ ഉപഹാരം അബ്ദുല്ലാഹ് ബിൻ സൈദ് കൾച്ചറൽ സെന്റർ കമ്യൂണിറ്റി മാനേജർ നാസിർ ബിൻ ഇബ്റാഹിം അൽ മന്നാഇ സമ്മാനിച്ചു.
യാസിർ ഇല്ലത്തൊടി പരിപാടി നിയന്ത്രിച്ചു. ഹംസ മുഹ്യുദ്ദീൻ ഖിറാഅത്തും നൗഫൽ പാലേരി നന്ദിയും പറഞ്ഞു.
കോവിഡാനന്തര ഒത്തുചേരലായി കതാറ
ദോഹ: കോവിഡാനന്തരം സാധാരണ നിലയിലേക്ക് മടങ്ങുന്ന ഖത്തറിൽ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലായി മാറി കതാറ ആംഫി തിയറ്ററിൽ നടന്ന റമദാൻ സംഗമം. ഖത്തർ സാംസ്കാരിക മന്ത്രാലയവും കതാറ കള്‍ച്ചറല്‍ വില്ലേജും സംഘടിപ്പിക്കുന്ന റമദാൻ സംഗമ വേദിയിൽ ആദ്യമായി മലയാളി സമൂഹത്തിന് ഇടം ലഭിച്ചപ്പോൾ നിറഞ്ഞ സദസ്സുകൊണ്ട് ഗംഭീരമാക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9.30ന് ആരംഭിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. കോവിഡിനെ തുടർന്ന് വലിയ ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ നഷ്ടമായ പൊതുപരിപാടികളിലേക്ക് മലയാളി സമൂഹത്തിന്റെ കൂടി തിരിച്ചുവരവായി മാറി റമദാൻ പ്രഭാഷണം. പരിപാടി ആരംഭിച്ചിട്ടും ജനപ്രവാഹം നിലച്ചില്ല. റമദാൻ ആഗതമായതോടെ നിരവധി പരിപാടികൾക്കാണ് കതാറ ദിനേന വേദിയാവുന്നത്. വിവിധ സംസ്കാരിക, വിനോദ പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കും ഉല്ലസിക്കാനുള്ള വേദികളുമെല്ലാം റമദാനിന്റെ ഭാഗമായി കതാറയിൽ ഒരുക്കിയിട്ടുണ്ട്. കായിക മത്സരങ്ങൾ, മത- സാഹിത്യ സദസ്സുകൾ, വിവിധ മത്സരങ്ങൾ എന്നിവയുമായി റമദാനിലെ രാത്രികളിൽ കതാറ സജീവമാണ്. പച്ചക്കറികളും കാർഷിക-ഭക്ഷ്യ വിഭവങ്ങളും ലഭ്യമാവുന്ന മഹാസീൽ മാർക്കറ്റും കതാറയിൽ തെക്ക് ഭാഗത്തായി സന്ദർശകർക്കായി തുറന്നിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.