ദോഹ: കഴിഞ്ഞ ദിവസം നിര്യാതനായ ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥനും മുതിർന്ന പ്രവർത്തകനുമായ കെ.സി. അബ്ദുറഹ്മാനെ സി.ഐ.സി ഖത്തർ അനുസ്മരിച്ചു. ഖത്തർ ചാരിറ്റി പ്രതിനിധികളും അനുസ്മരണത്തിൽ പങ്കെടുത്തു.
കഠിനാധ്വാനവും വിനയവും മനുഷ്യസ്നേഹവും ഒത്തൊരുമിച്ച വ്യക്തിത്വവും വഴികാട്ടിയുമായിരുന്നു കെ.സി. അബ്ദുറഹ്മാനെന്ന് ഖത്തർ ചാരിറ്റി മേധാവി മുഹമ്മദ്അലി സഈദ് ഗാമിദി പറഞ്ഞു. ഖത്തർ ചാരിറ്റിയുടെ തുടക്കം മുതൽ നീണ്ട മൂന്ന് പതിറ്റാണ്ടു കാലം ജീവകാരുണ്യ മേഖലയിൽ സജീവമായി നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു കെ.സി. അബ്ദുറഹ്മാനെന്ന് സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം അനുസ്മരിച്ചു. അനാഥരെയും അഗതികളെയും സഹായിക്കാൻ ഖത്തർ ചാരിറ്റി പ്രതിനിധിയായി ഒട്ടേറെ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഖത്തറിലും നാട്ടിലുമുള്ള നിരവധി കാരുണ്യപ്രവർത്തങ്ങളിൽ ഖത്തർ ചാരിറ്റിയുടെയും സി.ഐ.സിയുടെയും തണലിൽ അദ്ദേഹം സമാനതകളില്ലാത്ത സേവനങ്ങൾ കാഴ്ച വെച്ചു.
ജീവിതത്തിന്റെ അവസാന നിമിഷംവരെയും കർമമണ്ഡലത്തിൽ അദ്ദേഹം സജീവ സാന്നിധ്യമായി നിലകൊണ്ടുവെന്നും സി.ഐ.സി പ്രസിഡന്റ് പറഞ്ഞു. ഖത്തർ ചാരിറ്റി പ്രതിനിധികളായ ഫരീദ് ഖലീൽ സിദ്ദീഖി, മുഹമ്മദ് ഹാമിദ് എന്നിവരും ഇല്യാസ് മൗലവി, വി.ടി. ഫൈസൽ, മുഹമ്മദലി, കെ.സി. യാസിർ, ഫൈസൽ അബ്ദുൽ മജീദ്, പി.പി. റഹീം, സകരിയ, ശിഹാബ്, അസീസ് തുടങ്ങിയവരും കെ.സി. അബ്ദുറഹ്മാനെ അനുസ്മരിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.