ദോഹ എക്സ്​പോ വേദിയിലെ കുവൈത്ത് പവിലിയൻ കവാടം, കുവൈത്ത് പവിലിയനിൽനിന്ന്

പരിസ്ഥിതി സംരക്ഷണ പാഠങ്ങളുമായി കുവൈത്ത് പവിലിയൻ

 ദോഹ: മരുഭൂമിയിൽ ആദ്യമായെത്തിയ ​​അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്​പോയിൽ മരുഭൂമിയുടെ പരിസ്ഥിതി സൗഹൃദ വിശേഷങ്ങളൊരുക്കി കുവൈത്തിന്റെ പവിലിയൻ. പാരിസ്ഥിതിക, സാംസ്‌കാരിക സംരംഭങ്ങളുൾപ്പെടുത്തിയാണ് എക്‌സ്‌പോ ദോഹ 2023ലെ കുവൈത്ത് പവിലിയൻ സന്ദർശകരെ വരവേൽക്കുന്നത്. സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും മരുഭൂവത്കരണത്തിനെതിരായ പ്രവർത്തനങ്ങളിലും ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലും രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് പവിലിയൻ കമീഷണർ സമീറ അൽ കന്ദരി പറഞ്ഞു.

കുവൈത്തിന്റെ ചരിത്രപരവും സമകാലീനവുമായ ചിഹ്നങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു വ്യത്യസ്ത കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് കുവൈത്ത് പവിലിയൻ. കുട്ടികൾക്കായി പ്രത്യേക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അഹ്മദി ഒയാസിസിന്റെ ശാന്തമായ അന്തരീക്ഷം ഓർമിപ്പിക്കുന്ന ഒരു ഇടനാഴിയും പവിലിയനിൽ സജ്ജമാക്കിയിട്ടുണ്ട്. കുവൈത്തി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന വിദ്യാഭ്യാസ, ശാസ്ത്ര മ്യൂസിയവും പവിലിയന്റെ സവിശേഷതയാണ്.

ദോഹ എക്സ്​പോ വേദിയിലെ മഡഗാസ്കർ പവിലിയനിൽനിന്ന്

പ്രധാനപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്‌ക്രീനുകളും വാട്ടർ സ്റ്റോറേജ് ടവറുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള തൂക്കുപൂന്തോട്ടവും ഇവിടെയുണ്ട്.വിശ്രമകേന്ദ്രം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സംവേദനാത്മക പരിപാടികൾ, റോസാപ്പൂക്കൾ വളർത്തുന്നതിനുള്ള ഗ്രീൻ ഹൗസ്, എക്‌സ്‌പോ കാലയളവിൽ സന്ദർശകർക്ക് വിതരണം ചെയ്യുന്നതിനായുള്ള അഫ്‌റാജ് പ്ലാന്റ് വിതരണവും പവിലിയനിലുണ്ട്. സിലിണ്ടർ മ്യൂസിയവും കുവൈത്തിലെ വന്യജീവികളെ പ്രദർശിപ്പിക്കുന്ന സ്‌ക്രീനുകളും സജ്ജമാക്കിയിട്ടുണ്ട്. എക്‌സ്‌പോ ദോഹ 2023 കമീഷണർ ജനറൽ അംബാസഡർ ബദർ ബിൻ ഒമർ അൽ ദഫ കുവൈത്ത് പവിലിയൻ സന്ദർശിച്ചു. ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസ് സെക്രട്ടറി ജനറൽ ദിമിത്രി കെർക്കെന്റ്‌സസ്, ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് ബദർ അൽ മുതൈരി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

Tags:    
News Summary - Kuwait Pavilion with environmental conservation lessons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.