ദോഹ: കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ നേടി തങ്ങളുടെ സുസ്ഥിര പരിപാലനദൗത്യം വിപുലീകരിച്ച് ലുലു ഗ്രൂപ്. അൽ മെഷാഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോർ ജി.സി.സിയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റ് സ്റ്റോറായി മാറി. യു.കെയുടെ പി.എ.എസ് 2060 സ്റ്റാൻഡേർഡ് അനുസരിച്ചാണ് സ്റ്റോർ കാർബൺ ന്യൂട്രാലിറ്റി നേടിയത്. കാർബൺ മാനേജ്മെന്റ് പ്ലാൻ, കാർബൺ പുറന്തള്ളൽ കുറക്കൽ, ശേഷിക്കുന്ന പുറന്തള്ളലുകളെ ഓഫ്സെറ്റ് ചെയ്യൽ തുടങ്ങിയവ പാലിച്ചതിനെത്തുടർന്നാണ് ഈ നേട്ടം കൈവരിച്ചത്.
‘ലുലുവിന്റെ അൽ മെഷാഫ് ബ്രാഞ്ചിന് കാർബൺ ന്യൂട്രാലിറ്റി പദവി ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കുള്ളതും വേറിട്ടതുമായ ഒരുപാട് സാധനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനൊപ്പം പരിസ്ഥിതി ബോധമുള്ള വൺ-സ്റ്റോപ് ഷോപ്പായും ലുലു പ്രവർത്തിക്കുന്നു. ലുലു ഗ്രൂപ്പിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഫലമാണ് ഈ നേട്ടം’ -ഡോ. ലുലു ഗ്രൂപ് ഇന്റർനാഷനലിന്റെ ഡയറക്ടർ മുഹമ്മദ് അൽത്താഫ് പറഞ്ഞു.ഈ നേട്ടം കൈവരിക്കാനുള്ള യത്നത്തിൽ ക്ലീൻ ഗ്ലോബ് കൺസൾട്ടൻസിയുടെ പിന്തുണ ലുലു ഗ്രൂപ്പിനുണ്ടായിരുന്നു. ലുലു നിലവിൽ ഖത്തറിൽ 22 ഔട്ട്ലറ്റുകൾ നടത്തുന്നുണ്ട്. എല്ലാ ശൃംഖലയിലും കൂടുതൽ സുസ്ഥിരവും കാലാവസ്ഥ സൗഹൃദവുമാകാൻ ലുലു പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വിശദീകരിച്ചു. ഖത്തർ സുസ്ഥിര ഉച്ചകോടിയിൽ 2019ലെ സുസ്ഥിരത അവാർഡ് നേടിയ സ്ഥാപനം, സുസ്ഥിര സമ്പ്രദായങ്ങൾ പ്രയോഗിക്കുന്ന പ്രമുഖ റീട്ടെയിലർ എന്ന നിലയിൽ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാർബൺ പുറന്തള്ളലിനും എല്ലായ്പോഴും നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ഖത്തറിലെ തങ്ങളുടെ പ്രവർത്തനങ്ങളിലും സ്റ്റോറുകളിലും പരിസ്ഥിതിസൗഹൃദ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഖത്തറിലെ വിവിധ ഔട്ട്ലറ്റുകൾ സുസ്ഥിര പ്രവർത്തന സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. ‘ഖത്തർ നാഷനൽ വിഷൻ 2030’ന് അനുസൃതമായി പരിസ്ഥിതി ആഘാതം കുറക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിലും ലുലു പ്രതിജ്ഞാബദ്ധമാണെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു.
• ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റിൽ (ജി.ഒ.ആർ.ഡി) നിന്നുള്ള ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന് കീഴിൽ സുസ്ഥിര പ്രവർത്തന സർട്ടിഫിക്കേഷൻ നേടുന്ന മെനയിലെ ആദ്യത്തെ റീട്ടെയിലർമാരിൽ ഒരാൾ
• ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ നടത്തുന്ന ദേശീയ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസിയുടെ (തർഷീദ്) പത്താം വാർഷികാഘോഷത്തിൽ സുസ്ഥിരതക്കും ഊർജ കാര്യക്ഷമതക്കുമുള്ള അവാർഡ്
• ബിൽഡിങ് മാനേജ്മെന്റ് സിസ്റ്റം
• ക്ലൗഡ് എനർജി ഒപ്ടിമൈസേഷൻ സിസ്റ്റം
• എൽ.ഇ.ഡിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു
• ഊർജ ഉപയോഗം ഒപ്ടിമൈസ് ചെയ്യുന്നതിന് മോഷൻ സെൻസറുകളുടെ സഹായത്തോടെ ലൈറ്റ് കൺട്രോൾ സിസ്റ്റം
• പുതിയ കെട്ടിടങ്ങൾ ഊർജ കാര്യക്ഷമത മുൻനിർത്തി രൂപകൽപന ചെയ്യുന്നു
• ജല ഉപഭോഗം നിയന്ത്രിക്കുന്നതിന് സബ്മീറ്ററുകൾ
• മാലിന്യം വേർതിരിക്കലും ഉറവിടത്തിൽനിന്ന് വേർതിരിക്കലും
• ഫുഡ് വേസ്റ്റ് ഡൈജസ്റ്ററുകൾ
• റിവേഴ്സ് വെൻഡിങ് മെഷീനുകൾ
• പുനരുപയോഗിക്കാവുന്ന ബാഗുകൾ
• കടലാസ് മാലിന്യങ്ങളും എണ്ണ അവശിഷ്ടങ്ങളും പുനരുപയോഗം ചെയ്യുക
• പാക്കേജിങ്ങിലെ പ്ലാസ്റ്റിക്കിന്റെ അളവ് കുറക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.