ദോഹ/റിയാദ്: സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാനായി ഖത്തറിലെത്തിയ ആദ്യ സംഘങ്ങൾ ലക്ഷ്യത്തിലെത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് ഖത്തർ വഴിയുള്ള മലയാളികൾ സൗദിയിലെത്തിയത്. ഗൾഫിലെ മറ്റെല്ലാ വഴിയും അടഞ്ഞപ്പോൾ തുറന്ന ഖത്തർ ഇടത്താവളമാക്കി, 14 ദിവസം തങ്ങിയ ശേഷമാണ് ഇവർ സൗദിയിലെത്തിയത്.
വ്യാഴാഴ്ച രാത്രി 9.10നുള്ള ഖത്തർ എയർവേസ് വിമാനത്തിൽ ജിദ്ദയിലിറങ്ങിയ കോഴിക്കോട് മുക്കം ചേന്ദമംഗലൂർ സ്വദേശി ജംഷീദ് റഹ്‌മാനാണ് ഖത്തർ മാർഗം സൗദിയിലെത്തിയ ആദ്യ മലയാളി. ജൂലൈ 14 നാണ് ഇദ്ദേഹം ഓൺ അറൈവൽ വിസയിൽ ഖത്തറിലിറങ്ങിയത്. യാത്രക്ക് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കി. അത് തെളിയിക്കുന്ന നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതി. കൂടാതെ സൗദിയുടെ വിദേശികൾക്കുള്ള മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തവക്കൽനാ ആപ്പിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചത് അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.
ഇൗ നടപടികളെല്ലാം പൂർത്തീകരിച്ചത് യാത്ര സുഗമമാക്കിയതായി ജംഷീദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിൽ ഒരു തരത്തിലുമുള്ള പരിശോധനയും നേരിടേണ്ടിവന്നില്ലെന്നും സാധാരണ നടപടിക്രമങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജംഷീദ് പറഞ്ഞു. തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നതിനാൽ നിർബന്ധിത സമ്പർക്കവിലക്ക് ഒഴിവായി. മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്ദുൽ റസാഖ്, പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ ശറഫുദ്ദീൻ, ബഷീർ എന്നിവരും വെള്ളിയാഴ്ച പുലർെച്ചയോടെ സൗദിയിലെത്തി. ഇനിയുള്ള ദിവസങ്ങളിൽ ദോഹയിൽ നിന്ന് കൂടുതൽ പേർ സൗദിയിലെ വിവിധ നഗരങ്ങളിൽ എത്തും. നിലവിൽ നൂറുകണക്കിന് സൗദി പ്രവാസികളാണ് ഖത്തർ വഴി യാത്രക്കായി ദോഹയിലുള്ളത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉറപ്പാക്കുക. ശേഷം, ലഭിക്കുന്ന ഹെൽത് പാസ്പോർട്ട് ഡൗൺലോഡ് ചെയ്ത് പ്രിെൻറടുത്ത് കൈയിൽ സൂക്ഷിക്കുക. മുഖീം പോർട്ടലിലെ അറൈവൽ രജിസ്ട്രേഷൻ കോപ്പിയും സൂക്ഷിക്കുക. സൗദി റീ എൻട്രി വിസ കോപ്പി, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇത്രയും രേഖകൾ കൈവശം വെക്കൽ ദോഹയിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കാൻ എളുപ്പമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.