ദോഹ: ഒക്ടോബർ പത്ത്, ലോക മാനസികാരോഗ്യ ദിനം ഖത്തറിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. എല്ലാവർക്കും നല്ല മാനസികാരോഗ്യം പ്രദാനം ചെയ്യുക എന്നതാണ് ഖത്തറിെൻറ നയമെന്നും അതിനാവശ്യമായ വിപുല പരിപാടികളും സജ്ജീകരണങ്ങളുമാണ് ആരോഗ്യ മേഖലയിലടക്കം ഉള്ളതെന്നും പൊതുജനാരോഗ്യ മന്ത്രാലയം പറയുന്നു. കോവിഡിൻെറ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് മാനസികമായ പിന്തുണ ഉറപ്പാക്കുന്നതിൽ രാജ്യത്തിൻെറ ആരോഗ്യ മേഖല വിജയിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ മാനസിക പ്രയാസമനുഭവിക്കുന്നവർക്കു വേണ്ടി 16000 എന്ന ടോൾഫ്രീ നമ്പറിൽ വിവിധ ഭാഷകളിൽ സേവനം നൽകുന്നുണ്ട്. ആർക്കും ഈ നമ്പറിലേക്ക് വിളിച്ചാൽ കോവിഡുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള കൗൺസലിങ് അടക്കം ലഭ്യമാണ്. ഖത്തറിലെ ആരോഗ്യ സുരക്ഷ സമ്പ്രദായങ്ങളില്‍ മാനസികാരോഗ്യത്തിന് വിശാലമായ സേവനങ്ങളാണ് അനുവദിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറയുന്നു. കഴിഞ്ഞ പതിറ്റാണ്ടിനെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ആരോഗ്യ സംരക്ഷണ വിഭാഗം നേടിയിരിക്കുന്നത്. മാനസികാരോഗ്യ സേവനങ്ങളുടെ വിഭാഗത്തിൻെറ വ്യാപനം വളര്‍ച്ചയുടേയും വികസനത്തിൻെറയും പ്രധാന സംഗതിയായി കാണാവുന്നതാണ്. ഖത്തർ ദേശീയ ആരോഗ്യ പദ്ധതിയുടെ ഏഴ് പരിഗണനാ വിഷയങ്ങളിലൊന്നാണ് മാനസികാരോഗ്യമെന്നും മന്ത്രി പറയുന്നു.
കോവിഡ് പ്രതിസന്ധി ആർക്കും മുൻകൂട്ടി കാണാൻ കഴിയാത്ത വിധം പ്രയാസകരമായിരുന്നുവെന്നും ഈ കാലത്ത് ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദവും ഉത്കണ്ഠയും ഏറെ വലുതായിരുന്നുവെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം വിവിധ സർക്കാർ ആശുപത്രികളിലും മറ്റും ഏർപ്പെടുത്തിയ പ്രത്യേക സേവനങ്ങൾ ജനത്തിന് ഏെറ ഉപകാരെപ്പട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽതന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സേവനം നൽകാനായി ഹെൽപ്ലൈൻ പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹെൽപ്ലൈൻ പ്രവർത്തനം തുടങ്ങിയതുമുതൽ 13,000 കാളുകൾക്കാണ് ഇത്തരത്തിൽ മറുപടി നൽകിയതെന്നും മികച്ച പ്രവർത്തനമാണ് ഹെൽപ്ലൈനിലൂടെ നിർവഹിക്കുന്നതെന്നും മാനസികാരോഗ്യ കാര്യങ്ങൾക്കായുള്ള ദേശീയ സമിതി ഉപാധ്യക്ഷയും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ഓപറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. സമ്യ അഹ്മദ് അൽ അബ്ദുല്ല പറഞ്ഞു.
വിവിധ മാനസികാരോഗ്യ ക്ലിനിക്കുകളിൽ വിദഗ്ധൻമാരെയാണ് നിയോഗിച്ചിരിക്കുന്നതെന്നും വിവിധ ആളുകളുെട പ്രശ്നങ്ങൾ അതിൻെറ പ്രാധാന്യമനുസരിച്ച് മുൻഗണന നിശ്ചയിച്ചായിരുന്നു സേവനം നൽകിയിരുന്നതെന്നും എച്ച്.എം.സി മാനസികാരോഗ്യ സേവനവിഭാഗം ചെയർമാൻ ഡോ. മജിദ് അൽ അബ്ദുല്ല പറയുന്നു.
മാനസികാരോഗ്യ മേഖലയിൽ വിപുലമായ പ്രവർത്തനങ്ങളാണ് മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ആരോഗ്യമന്ത്രലയം നടപ്പിലാക്കുന്നത്.അൽ വജബ ഹെൽത്ത് സെൻററിൽ പുതിയ സമഗ്ര മാനസികാരോഗ്യ ക്ലിനിക്കിന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. അൽ തുമാമ, ഖത്തർ യൂനിവേഴ്സിറ്റി ഹെൽത്ത് സെൻററുകൾക്കു ശേഷം ഇത് മൂന്നാമത് മാനസികാരോഗ്യ ക്ലിനിക്കാണ് അൽ വജബയിൽ പ്രവർത്തിക്കുന്നത്.
മാനസികാരോഗ്യ മേഖലയിൽ സമഗ്രമായ രോഗ പരിരക്ഷയും ചികിത്സയും പരിശോധനയും മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള എല്ലാ രോഗികൾക്കും സേവനങ്ങൾ ലഭ്യമാണ്. സൈക്കോളജിക്കൽ ഇൻറർവെൻഷൻ, മെഡിക്കേഷൻ മാനേജ്മെൻറ്, സെൽഫ് മാനേജ്മെൻറ്, കൂടെയുള്ളവർക്കാവശ്യമായ നിർദേശങ്ങൾ എന്നിവയെല്ലാം ഇവിടെനിന്ന് ലഭിക്കും.അമിതമായ ഉത്കണ്ഠ, മാനസിക സമ്മർദം, സൈക്കോസിസ്, ഒബ്സെസിവ്–കംപൾസിവ് ഡിസോർഡർ തുടങ്ങിയ ഏത് മാനസിക പ്രശ്നങ്ങൾക്കും ഇവിടെ ചികിത്സ ഒരുക്കിയിട്ടുണ്ട്.
ആഗോള കണക്കുകൾ പ്രകാരം ലോകത്തെ അഞ്ചിലൊന്ന് പുതിയ മാതാക്കളും പത്തിലൊന്ന് പുതിയ പിതാക്കളും വിവിധ തരം മാനസിക സമ്മർദങ്ങൾക്കും പ്രശ്നങ്ങൾക്കും വിധേയമാകുന്നുണ്ട്. ഇത് ഗർഭാവസ്ഥ മുതൽ ജനനം വരെയും കുഞ്ഞിെൻറ ജനനം കഴിഞ്ഞ് ഒരുവർഷം വരെയും ദീർഘിച്ച് നിൽക്കുന്ന പ്രശ്നങ്ങളായി മാറുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 75 ശതമാനം സ്ത്രീകളും ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾക്ക് വിധേയമാകുന്നതിന് കാരണം കൃത്യമായ രോഗ പരിരക്ഷയുടെയും പിന്തുണയുടെയും അഭാവം മൂലമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
മാതൃ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യ വകുപ്പുകൾ പ്രത്യേക പരിപാടികൾ നടത്തിവരാറുണ്ട്. ഗർഭാവസ്ഥയിലും കുഞ്ഞിെൻറ ജനനം കഴിഞ്ഞുള്ള ആദ്യ ആറാഴ്ചയിലും മാതാക്കളിൽ കണ്ടുവരുന്ന മാനസിക സമ്മർദവും പ്രശ്നങ്ങളും സംബന്ധിച്ച് സമൂഹത്തിൽ കൂടുതൽ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. എല്ലാ വർഷവും മേയ് ഒന്നിന് ലോക മാതൃ മാനസികാരോഗ്യദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ടും വിവിധ പരിപാടികൾ നടത്തിവരാറുണ്ട്.
ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് സിദ്റ മെഡിസിൻ ശിൽപശാലകളും മറ്റു ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഗർഭാവസ്ഥയിലും പ്രസവത്തിലും തുടർന്നുള്ള ആദ്യ കാലങ്ങളിലും സ്ത്രീകളിൽ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾക്കും സമ്മർദങ്ങൾക്കും പരിഹാരം നിർദേശിക്കുകയും അതിനാവശ്യമായ രാജ്യത്തെ ചികിത്സ സേവനങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.