ദോഹ: ആറുമാസം നീണ്ടുനിൽക്കുന്ന കായിക ഉത്സവവുമായി ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മയായ 'എം.ഇ.എസ് അലുമ്നി അസോസിയേഷൻ'. ഒക്ടോബർ എട്ട് വെള്ളിയാഴ്ച എം.ഇ.എസ് സ്കൂൾ ഗ്രൗണ്ട് വേദിയാവുന്ന സെവൻസ് ഫുട്ബാൾ ടൂർണമെേൻറാടെ സ്പോർട്സ് ഫെസ്റ്റ് 2021-22ന് കിക്കോഫ് കുറിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബാൾ ടൂർണമെൻറിൻെറ ഫൈനൽ നവംബർ അഞ്ചിനാണ്. പൂർവവിദ്യാർഥികളായിരിക്കും വിവിധ ടീമുകളിലായി കളത്തിലിറങ്ങുന്നത്. നവംബറിൽതന്നെ ക്രിക്കറ്റ് ടൂർണമെൻറിന് തുടക്കംകുറിക്കും. തുടർന്ന്, വോളിബാൾ, ത്രോബാൾ, ഇ– സ്പോർട്സ്, ബാഡ്മിൻറൺ മത്സരങ്ങളും സംഘടിപ്പിക്കും. 2022 ഏപ്രിലിലാണ് അവസാന ഇനമായ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്. 2019ലെയും 2020ലെയും സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൻെറ വിജയകരമായ പങ്കാളിത്തമാണ് കൂടുതൽ കായിക ഇനങ്ങളെ ഉൾപ്പെടുത്തി വിപുലമായ മേളയാക്കി മാറ്റാൻ പ്രചോദനം നൽകിയതെന്ന് എം.ഇ.എസ് അലുമ്നി പ്രസിഡൻറ് ഷഹീൻ ഷാഫി പറഞ്ഞു. സെവൻസ് ചാമ്പ്യൻഷിപ്പിൽ 16 ടീമുകൾ മാറ്റുരക്കുമെന്ന് ടൂർണമെൻറ് ചീഫ് നിഹാദ് അലി പറഞ്ഞു. വാരാന്ത്യ അവധിദിനമായ അഞ്ച് വെള്ളിയാഴ്ചകളിലായി 32 മത്സരങ്ങൾ നടക്കും.
ഖത്തറിലെ ആദ്യ ഇന്ത്യൻ സ്കൂളായി 1974ൽ പ്രവർത്തനം ആരംഭിച്ച എം.ഇ.എസ് സ്കൂളിൽനിന്ന് പടിയിറങ്ങിയ വിദ്യാർഥികളുടെ കൂട്ടായ്മയാണ് അലുമ്നി അസോസിയേഷൻ. 2006ൽ സ്ഥാപിതമായ പൂർവവിദ്യാർഥി കൂട്ടായ്മയിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്. 1984 മുതൽ ഏറ്റവും ഒടുവിലായി 2021ൽ പുറത്തിറങ്ങിയ ബാച്ചിലെയും വിദ്യാർഥികൾ അസോസിയേഷൻെറ ഭാഗമായുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ടൈറ്റിൽ സ്പോൺസറായ സിറ്റി എക്സ്ചേഞ്ചിൻെറ ഒപറേഷൻസ് ഹെഡ് ഷാനിബ് ശംസുദ്ദീൻ, തലബാത് ഖത്തർ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ്കോ മിഗ്വേൽ ഡി സൂസ, സാവറി ഇൻഷുറൻസ് ബ്രോകേഴ്സ് സി.ഇ.ഒ ജെറി ബഷീർ, തെലങ്കാന ഫുഡ്സ് എം.ഡി പ്രവീൺ ബുയാനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.