ദോഹ: പ്രവാസി ഇന്ത്യക്കാരെയും സ്വദേശി വ്യവസായികളെയും രാജസ്ഥാനിലെ നിക്ഷേപ സാധ്യതകളിലേക്ക് ക്ഷണിച്ച് സംസ്ഥാന വ്യവസായ-വാണിജ്യ മന്ത്രി കേണൽ രാജ്യവർധൻ സിങ് റാത്തോഡ്.
ഡിസംബറിൽ ജയ്പുരിൽ നടക്കുന്ന ‘റൈസിങ് രാജസ്ഥാൻ’ ആഗോള നിക്ഷേപക സംഗമത്തിന്റെ പ്രചാരണാർഥം ദോഹയിലെത്തിയ മന്ത്രിക്ക് ഇന്ത്യൻ എംബസി നേതൃത്വത്തിൽ ഷെറാട്ടൺ ഹോട്ടലിൽ പ്രവാസി സമൂഹം വരവേൽപ്പൊരുക്കി.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തവും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് പറഞ്ഞു. ഇന്ത്യലെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രവാസി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
തലമുറകളായി ഇന്ത്യയും ഖത്തറും ശക്തമായ വ്യാപാര സൗഹൃദമുള്ള രാജ്യങ്ങളാണ്. വിവിധ മേഖലകളിലെ ഖത്തറിന്റെ അതിവേഗ കുതിപ്പിന് ലോകം സാക്ഷിയാവുന്നു. സർക്കാറിന്റെ പ്രവർത്തനങ്ങൾ ഇന്ത്യക്കും അഭിമാനമാണ് -അദ്ദേഹം പറഞ്ഞു.
ഡിസംബർ ഒമ്പത് മുതൽ 11 വരെ ജയ്പുരിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലേക്ക് ഖത്തറിലെ സ്വദേശികളും പ്രവാസികളുമായ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. സന്ദർശനത്തിന്റെ ഭാഗമായി വിവിധ കൂടിക്കാഴ്ചകളിൽ മന്ത്രി പങ്കെടുത്തു.
ഖത്തറിലെ സ്വദേശികളും പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടെ ബിസിനസ് പ്രമുഖർ പങ്കെടുത്ത നിക്ഷേപക സംഗമത്തിൽ മന്ത്രി സംവദിച്ചു. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ നിക്ഷേപ സാധ്യതകൾ അദ്ദേഹം വിശദീകരിച്ചു.
ലോജിസ്റ്റിക് വ്യവസായത്തിൽ രാജസ്ഥാൻ സൃഷ്ടിക്കുന്ന വിപുല അവസരങ്ങൾ മന്ത്രി വ്യക്തമാക്കി. മെഡിക്കൽ ഉപകരണങ്ങൾ, പ്രതിരോധ വസ്തുക്കൾ തുടങ്ങിയ മേഖലയിലെ നിർമാണ സാധ്യതകൾ നിക്ഷേപക സംഗമത്തിൽ അദ്ദേഹം വിശദീകരിച്ചു.
ബലോത്രയിലെ പെട്രോകെമിക്കൽ പാർക് 2025ഓടെ പൂർത്തിയാകുമെന്നും, രാജ്യത്തിന്റെ പെട്രോകെമിക്കൽ വ്യവസായ മേഖലയിലെ മാറ്റത്തിന്റെ കാൽവെപ്പായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും സുസ്ഥിരവും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയിൽ. ടൂറിസത്തിലും ഹോസ്പിറ്റാലിറ്റിയിലും ഞങ്ങൾക്ക് അവസരങ്ങളുണ്ട്. അതിനാൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ താൽപര്യമുള്ള ആളുകൾക്ക് രാജസ്ഥാനിലും നിക്ഷേപിക്കാം -അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി സ്വീകരണത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിച്ചു. ഇരു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, ഊർജം, സംസ്കാരം, സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പറഞ്ഞു.
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ ഹസൻ അൽ മൽകി, ഖത്തറിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സി.ഡി.സി മേധാവികളുമായും ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.