ദോഹ: വിദ്യാർഥികൾക്കിടയിൽ സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ‘സാമ്പത്തിക സാക്ഷരത’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ഒരുങ്ങി ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
2024-2025 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ മുതൽ 11, 12 ക്ലാസ് വിദ്യാർഥികൾക്കുള്ള പാഠ്യപദ്ധതിയിലാണ് സാമ്പത്തിക സാക്ഷരത ഐച്ഛിക വിഷയമായി ഉൾപ്പെടുത്താൻ മന്ത്രാലയം പദ്ധതിയിടുന്നത്. പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സാമ്പത്തിക ശാസ്ത്രവും, അക്കൗണ്ടിങ്ങും പഠിപ്പിക്കുക, മികച്ച നിക്ഷേപ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി വർധിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാണിജ്യം, നിക്ഷേപം, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാണ് കോഴ്സിൽ ഉൾപ്പെടുന്നത്. ഫലപ്രദമായി പണം കൈകാര്യം ചെയ്യൽ, സാമ്പത്തിക പദ്ധതി തയാറാക്കൽ, സാമ്പത്തിക ലക്ഷ്യങ്ങൾ കാര്യക്ഷമമായി കൈവരിക്കാൻ സഹായിക്കുന്ന ബജറ്റ് വികസിപ്പിക്കൽ തുടങ്ങിയവയുൾപ്പെടെ പാഠ്യ വിഷയങ്ങളാകും.
അധ്യാപകരെ സാമ്പത്തിക വിഷയങ്ങൾ പഠിപ്പിക്കാൻ പ്രാപ്തമാക്കുന്നതിന് മന്ത്രാലയം പ്രവർത്തിച്ചുവരുകയാണെന്ന് കരിക്കുലം ആൻഡ് ലേണിങ് റിസോഴ്സ് വകുപ്പ് മേധാവി ഡോ. അബ്ദുല്ല അൽ മർരി പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന സംയോജിത പരിശീലന പദ്ധതി നടപ്പിലാക്കുമെന്നും ഡോ. അൽ മർരി അറിയിച്ചു. വിഷയത്തെക്കുറിച്ച് വിദ്യാർഥികളുടെ അറിവ് പരിശോധിക്കുന്നതിന് പ്രത്യേക മൂല്യനിർണയ പദ്ധതികളും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.