ദോഹ: മാലിന്യ നിർമാർജനം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പുതിയ മാർഗരേഖ പുറത്തിറക്കാൻ ഒരുങ്ങി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. മാലിന്യ പുനരുപയോഗം, സംസ്കരണം ഉൾപ്പെടെ പദ്ധതികളുമായാണ് പുതിയമാർഗരേഖ ഒരുങ്ങുന്നത്. മേയ് 9,10 തീയതികളിലായി ദോഹയിൽ നടക്കാനിരിക്കുന്ന ‘റീസൈക്ലിങ് ടുവേഡ്സ് സസ്റ്റയിനബിലിറ്റി’സമ്മേളനത്തിൽ പുതിയ മാർഗരേഖ പുറത്തിറക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സുസ്ഥിരഭാവിക്ക് ഒരുമിച്ച് പ്രവർത്തിക്കുക എന്ന തലക്കെട്ടിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഖത്തറിൽനിന്നും വിദേശത്തുനിന്നുമുള്ള 30ലധികം വിദഗ്ധരും മാലിന്യ സംസ്കരണം, സുസ്ഥിരത മേഖലകളിലെ പ്രഭാഷകരും പങ്കെടുക്കും.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിൽ നിന്നുള്ള കമ്പനികളും ഫാക്ടറികളും, സുസ്ഥിര സ്ഥാപനങ്ങളുടെ ഉടമകളുമടക്കം പങ്കെടുക്കുന്ന 40 പവിലിയനുകളുള്ള പ്രദർശനവും സമ്മേളനത്തോടൊപ്പം സംഘടിപ്പിക്കും.
ഇതാദ്യമായാണ് മാലിന്യ സംസ്കരണ, പുനരുപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറക്കുന്നതെന്നും മാലിന്യങ്ങൾ, മാലിന്യത്തിന്റെ അളവ്, സംസ്കരണ രീതികൾ, മാലിന്യം പുനരുപയോഗം ചെയ്യുന്നതിനും സുരക്ഷിതമായി സംരക്ഷിക്കുന്നതിനുമായി കടന്ന് പോകുന്ന ഘട്ടങ്ങൾ എന്നിവയെക്കുറിച്ച പ്രധാന വിവരങ്ങൾ മാർഗരേഖയിലുണ്ടാകുമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം മാലിന്യ പുനരുപയോഗ, സംസ്കരണ വിഭാഗം മേധാവി ഹമദ് ജാസിം അൽ ബഹർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, സമ്മേളനത്തിലെ പങ്കാളിത്തവും രജിസ്ട്രേഷനും സുഗമമാക്കുന്നതിനും അതിന്റെ സെഷനുകളും ഉൾപ്പെടെ വിവരങ്ങളുമുൾക്കൊള്ളുന്ന വെബ്സൈറ്റ് (www.wmdoha.com) ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ജനറൽ ക്ലീൻലിനെസ് വിഭാഗം മേധാവി ഡോ. ഫെയ്ക അബ്ദുല്ല അഷ്കനാനി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.