ദോഹ: ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദത്തിന്റെ സൂവർണ ജൂബിലി പതിപ്പായി ഗൾഫ് മാധ്യമം പുറത്തിറക്കുന്ന ‘മുദ്ര’ ശനിയാഴ്ച പ്രകാശനം ചെയ്യും.
ഇന്ത്യയും ഖത്തറും തമ്മിലെ നൂറ്റാണ്ടോളം പഴക്കമുള്ള പ്രവാസത്തിന്റെ ചരിത്രവും മലയാളികളുടെ ആദ്യകാല പ്രവാസവും മുതൽ ഖത്തറിലെ ഓരോ കാലഘട്ടത്തിലെയും മലയാളികളുടെ കൈയൊപ്പ് കൂടി അടയാളപ്പെടുത്തുന്നതാണ് പ്രത്യേക പതിപ്പ്.
ശനിയാഴ്ച വൈകുന്നേരം ‘സാതർ റസ്റ്റാറന്റിൽ’ നടക്കുന്ന ചടങ്ങിൽ ഖത്തറിൽ ദീർഘകാല പ്രവാസികളായ മലയാളികൾ ചേർന്ന് ‘മുദ്ര’ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യും. ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള പ്രവാസത്തിന് നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും 1973ൽ ഇരു രാജ്യങ്ങളിലുമായി എംബസികൾ സ്ഥാപിച്ചായിരുന്നു നയതന്ത്ര സൗഹൃദത്തിന് തുടക്കം കുറിച്ചത്. ഈ ബന്ധത്തിന്റെ സുവർണ ജൂബിലിയാണ് 2023.
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും തൊഴിൽ തേടി വിദേശങ്ങളിലേക്ക് സഞ്ചരിച്ച് പ്രവാസത്തിന് തുടക്കമിട്ട ചരിത്രനാളുകൾ മുതൽ ഗൾഫ് നാടുകളിലേക്ക് പറിച്ചുനട്ട പ്രവാസവും, അതിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്വാധീനവുമെല്ലാം വിശദമായ ചർച്ച ചെയ്തുകൊണ്ടാണ് ‘മുദ്ര’ പ്രത്യേക പതിപ്പ് വായനക്കാരിലെത്തുന്നത്.
ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടനകളുടെ തുടക്കവും പ്രവർത്തനവും, വിവിധ പ്രവാസി കൂട്ടായ്മകളുടെ പിറവിയും പ്രവർത്തനവും തുടങ്ങി വിവിധ വശങ്ങളും മുദ്രയുടെ ഉള്ളടക്കമാവുന്നു. ഇതോടൊപ്പം, അരനൂറ്റാണ്ട് മുതൽ പതിറ്റാണ്ടുകൾ വരെ മുമ്പ് ഖത്തറിലെത്തി വിവിധ മേഖലകളിൽ തൊഴിലെടുത്തും കഠിനാധ്വാനം ചെയ്തും സംരംഭങ്ങൾ കെട്ടിപ്പടുത്ത് വിജയം കൈവരിച്ച പ്രവാസികളുടെ ജീവിതവഴികളും അടയാളപ്പെടുത്തുന്നു.
മാധ്യമം ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പ്രവാസ എഴുത്തുകളിലൂടെ ശ്രദ്ധേയരായ മുസഫർ അഹമ്മദ്, വി.എ. കബീർ, ഖത്തറിലെ പ്രവാസി എഴുത്തുകാർ എന്നിവരുടെ കുറിപ്പുകളും വിശകലനങ്ങളുമായി ശ്രദ്ധേയമായാണ് ‘മുദ്ര’ വായനക്കാരിലെത്തുന്നത്.
പ്രകാശന ചടങ്ങിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികൾ, ആദ്യകാല പ്രവാസികൾ, വിവിധ പ്രവാസി സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.