ദോഹ: നാറ്റോയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് വാഷിങ്ടൺ ഡി.സിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഖത്തർ പങ്കെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് ഉച്ചകോടി. ഈജിപ്ത്, ജോർഡൻ, തുനീഷ്യ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. നാറ്റോ അംഗരാജ്യങ്ങളുൾപ്പെടെ 31 രാജ്യങ്ങൾക്കാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ ക്ഷണം ലഭിച്ചത്.
നാറ്റോ അംഗമല്ലാത്തതിനാൽ ഉച്ചകോടിയിലെ ഔദ്യോഗിക യോഗങ്ങളിൽ ഖത്തർ പങ്കെടുക്കില്ല. മറ്റ് പരിപാടികളുടെയും ചർച്ചകളുടെയും ഭാഗമാകും. 2022ലാണ് ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക പ്രഖ്യാപിച്ചത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനത്തിനിടയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാന സൗഹൃദ രാഷ്ട്രമെന്ന നിലയിൽ ഖത്തറിനെ നാറ്റോ ഇതര സഖ്യരാജ്യ പദവിയിലേക്ക് നിർദേശിച്ചത്.
അമേരിക്കയുമായി നയതന്ത്ര-സാമ്പത്തിക മേഖലകളിലെ അടുത്ത ബന്ധത്തിന്റെ പ്രതീകമായാണ് പ്രധാന നാറ്റോ ഇതര സഖ്യ പദവി നൽകുന്നത്. ഇത്തരം 19ാമത്തെ രാജ്യമാണ് ഖത്തർ. കുവൈത്തിനും ബഹ്റൈനും ശേഷം ഗൾഫ് മേഖലയിലെ യു.എസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി മാറുന്ന മൂന്നാമത്തെ രാജ്യവും. നാറ്റോ ഇതര സഖ്യരാജ്യമായശേഷം ആദ്യമായാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറിന് ക്ഷണം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.