ദോഹ: ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക് ഇനി ക്വാറൻറീൻ വേണ്ട. നേരത്തേ ഇത് മൂന്നുമാസമായിരുന്നു. പൊതുജനാരോഗ്യമന്ത്രാലയം ഈ കാലയളവ് ആറുമാസമാക്കി നീട്ടി ക്വാറൻറീൻ നയത്തിൽ മാറ്റംവരുത്തുകയായിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഖത്തറിൽ ഏഴ്ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തിറക്കുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരത്തിലുള്ള ഗ്രീൻ ലിസ്റ്റ് പുറത്തിറക്കുന്നത്. ഇൗ പട്ടികയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നിലവിലില്ല. ഈ രാജ്യക്കാർ ഖത്തറിൽ വരികയാണെങ്കിൽ അവർക്ക് ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ആറാംദിനം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാനാകൂവെന്നതാണ് നിലവിലെ ചട്ടം.
എന്നാൽ ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻെറ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞവർക്ക് ഇതിൽ ഇളവുനൽകുകയാണ് ചെയ്യുന്നത്. ഇവർ കോവിഡ് പോസിറ്റീവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ ഖത്തറിലെത്തുമ്പോൾ കോവിഡ്–19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റു രാജ്യങ്ങളിൽ നിന്ന് വാക്സിൻ എടുത്തവർക്ക് നിലവിലെ ക്വാറൻറീൻ ഇളവ് ലഭ്യമല്ല.
വാക്സിൻ എടുത്താൽ നാട്ടിൽ പോകാൻ 14 ദിവസം കഴിയേണ്ടതില്ല. രണ്ടാംഡോസും സ്വീകരിച്ച ഉടൻ തന്നെ പുറത്തുപോകാം. ഖത്തറിൽ നിന്ന് മാത്രം വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ് ക്വാറൻറീൻ ആവശ്യമില്ലാത്തത്. രണ്ടാംഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമുള്ള ആറുമാസമാണ് കണക്കാക്കുക. ആറുമാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും ക്വാറൻറീൻ വേണം. ഒരാൾ വാക്സിൻ രണ്ട്ഡോസും സ്വീകരിച്ച് നാട്ടിൽ പോയി 14 ദിവസത്തിനുള്ളിലാണ് ഖത്തറിലേക്ക് തിരിച്ചുവരുന്നതെങ്കിൽ അയാൾക്കും ക്വാറൻറീൻ വേണം. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്.
ഇത്തരത്തിലുള്ള മാതാപിതാക്കളുടെ കൂടെ വരുന്ന 16 വയസുവരെയുള്ള കുട്ടികളെ ഹോട്ടൽ ക്വാറൻറീനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻെറ രണ്ടുഡോസും സ്വീകരിച്ച മാതാപിതാക്കൾെക്കാപ്പം ഖത്തറിലേക്ക് വരുന്ന കുട്ടികൾക്കാണിത് ബാധകമാവുക. ഇവർക്ക് ഏഴ് ദിവസം ഹോം ക്വാറൻറീൻ മതി. നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല. ഇതിനാലാണ് 16 വയസിന് താഴെയുള്ള ഇത്തരം കുട്ടികൾക്കും ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയത്. എന്നാൽ 16 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ഖത്തറിലേക്ക് വരികയാണെങ്കിൽ ഇവർ യാത്ര പുറ െപ്പടുന്നതിന് മുമ്പ് 'വെൽകം ഹോം പാക്കേജ്' ബുക്ക് ചെയ്യുകയും നിലവിൽ വെബ്സൈറ്റിലുള്ള അതേ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതേ മാനദണ്ഡമാണ് പാലിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.