േപ്ല ​ഓ​ഫി​ൽ ന്യു​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ച്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​ നേ​ടി​യ കോ​സ്റ്റ​റീ​ക ടീം ​അം​ഗ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കു​ന്നു

'ഓലെ ഓലെ ടീകോസ്...'

ദോഹ: ഓലെ ഓലെ ടീകോസ്.... ടീകോസ്.... വാദ്യതാളങ്ങളുടെ അകമ്പടിക്കൊപ്പം ഉറക്കെപാടി മണിക്കൂറുകളോളം നൃത്തം ചെയ്ത് അവർ പ്രിയപ്പെട്ട ടീമിന്‍റെ ലോകകപ്പ് പ്രവേശനം ആഘോഷമാക്കി. തിങ്കളാഴ്ച രാത്രിയിൽ ഗാലറിയിൽ ഓളംവെട്ടിയ പെറു ആരാധകരെ പോലെ തന്നെയായിരുന്നു രണ്ടാം ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫിൽ കോസ്റ്ററീക്കൻ ടീമിന് പിന്തുണയുമായെത്തിയ ആരാധകരും അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആവേശം പടർത്തിയത്.

കളത്തിൽ ഒരു ഗോളിന്‍റെ ലീഡിൽ പിടിച്ചു തൂങ്ങി നിൽക്കുമ്പോൾ, തളരാതിരിക്കാൻ ഗാലറിയിലെ ഓളവും താരങ്ങൾക്ക് കരുത്തായിരുന്നു. വൻകരകൾ താണ്ടി, ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ദോഹയിൽ വിമാനമിറങ്ങിയ ടികോസ് ആരാധകകൂട്ടം, അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തെ അവർ സാൻജോസിലെ കളിമുറ്റമാക്കി മാറ്റി.

അവരെ വിരുന്നൂട്ടുന്നതായിരുന്നു കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ പിറന്ന ഗോൾ. കിവികൾ പ്രതിരോധത്തിൽ നിലയുറപ്പിക്കും മുമ്പേ വിങ്ങിലൂടെയെത്തിയ മുന്നേറ്റത്തെ തടുക്കാനായില്ല. നിലതെറ്റി വീണ നികോ കിർവിനെയും കടന്ന് മുന്നേറിയ ജെവിസൺ ബെന്നറ്റ് നൽകിയ ക്രോസിൽ നിന്നും മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെ ജോയൽ കാംബെൽ തട്ടിയിട്ട പന്ത് അനായാസം വലയിൽ പതിച്ചു.

കളി ചൂട് പിടിക്കും മുമ്പേ പിറന്ന ഗോൾ മത്സരത്തിന്‍റെ വിധിയും നിശ്ചയിക്കപ്പെടുന്നതായി മാറി. ശേഷിച്ച, 87 മിനിറ്റും കളംനിറഞ്ഞ്, ആക്രമിച്ച് കളിച്ചിട്ടും ന്യൂസിലൻഡിന് ഒപ്പമെത്താനായില്ല. ഇതിനിടയിൽ 40ാം മിനിറ്റിൽ പിറന്ന ഗോൾ ഗാലറിയും കളവും ആഘോഷിച്ചെങ്കിലും പന്ത് വലയിലെത്തും മുമ്പേ സംഭവിച്ചൊരു കടുത്ത ഫൗൾ വിഡിയോ റഫറി കണ്ടെത്തി. കോസ്റ്ററീകൻ ഗോളി കെയ്ലർ നവാസിന്‍റെ നേതൃത്വത്തിൽ ടീം അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് റഫറി വി.എ.ആർ പരിശോധിച്ച് അന്തിമ തീരുമാനമെടുത്തത്.

ഗാ​ല​റി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം 

രണ്ടാം പകുതിയിൽ പ്രതിരോധത്തിന് ബലം നൽകി, കോച്ച് ഫെർണാണ്ടോ സുവാരസ് കോസ്റ്ററീകൻ ഗോൾമുഖത്ത് മതിൽ തീർത്തു. ഇതു ഫലം ചെയ്യുന്നതാണ് കണ്ടത്. ഫോർമേഷൻ മാറ്റി അറ്റാക്കിങ്ങിന് മൂർച്ചകൂട്ടിയ ന്യൂസിലൻഡിന്‍റെ തന്ത്രം ഡി സർക്കിളിന് പുറത്ത് അവസാനിച്ചു. ഇതിനിടയിൽ 70ാം മിനിറ്റിൽ പ്രതിരോധ താരം ചുവപ്പുകാർഡുമായി പുറത്തായതോടെ കിവികൾ പത്തിലേക്ക് ചുരുങ്ങി.

യുവതാരം ബെൻ വെയ്ൻ തൊടുത്തുവിട്ട ഉശിരൻ ഷോട്ട് ഡൈവിലൂടെ കെയ്ലർ നവാസ് തട്ടിയകറ്റിയത് കോസ്റ്ററീകക്ക് വിജയവും സമ്മാനിച്ചു. ശേഷം, മണിക്കൂറുകൾ നീണ്ടതായിരുന്നു ആരാധകരുടെ ആഘോഷങ്ങൾ. 'ഓലെ ഓലെ ടീകോസ്...' എന്ന വരികളോടെ സ്റ്റേഡിയത്തിലും, പുറത്തുമായി ചെങ്കുപ്പായക്കാർ ആരവങ്ങളോടെ തങ്ങളുടെ ടീമിന്‍റെ ലോകകപ്പ് പ്രവേശനം കെങ്കേമമാക്കി മാറ്റി.

Tags:    
News Summary - Ole Ole Tikos ...’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.