ഓൺ അറൈവൽ വിസ; ഹോട്ടൽ ബുക്കിങ് വിൻഡോ പുനസ്ഥാപിച്ച് 'ഡിസ്കവർ ഖത്തർ'

ദോഹ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസ്കവർ ഖത്തർ വെബ്സൈറ്റിലെ 'വിസ ഓൺ അറൈവൽ' ഹോട്ടൽ ബുക്കിങ് വിൻഡോ ബുധനാഴ്ച മുതൽ വീണ്ടും സജീവമായി. വ്യാഴാഴ്ച മുതൽ ബുക്കിങ് ലഭ്യമാവുന്ന രീതിയിലാണ് വിൻഡോ തുറന്നത്.

വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവലുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കാനുള്ള ലിങ്കുമുണ്ട്. യാത്ര പുറപ്പെടുന്ന രാജ്യത്തിനനുസരിച്ചുള്ള വിസ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം കൃത്യമായി വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഓരോ രാജ്യക്കാർക്കുമനുസരിച്ച് വിസ നിയമങ്ങളിലെ വ്യത്യാസങ്ങളും നിർദേശങ്ങളും വ്യക്തവുമാണ്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആറു മാസം കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, വിസ കാലാവധി 30 ദിവസം എന്നിങ്ങനെയാണ് നിർദേശങ്ങൾ. വ്യാഴാഴ്ച മുതലുള്ള ഓൺ അറൈവൽ അപേക്ഷക്ക്, ഇഹ്തിറാസ് പോർട്ടലിൽ നിന്നും ഡിസ്കവർ ഖത്തർ ഹോട്ടൽ ബുക്കിങ് ആവശ്യപ്പെടുന്നതായി ട്രാവൽ ഏജന്‍റുമാരും യാത്രക്കാരും അനുഭവങ്ങൾ പങ്കുവെച്ചു.

ഏപ്രിൽ അഞ്ചിനായിരുന്നു ഇന്ത്യ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിസ ഓൺ അറൈവൽ യാത്രക്കാർക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമായി നിർദേശമിറങ്ങുന്നത്. ഏപ്രിൽ 14ന് പുതിയ നിർദേശം പ്രാബല്ല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, അടുത്ത ദിവസം ഡിസ്കവർ ഖത്തർ വെബ്സൈറ്റിലെ ബുക്കിങ് വിൻഡോ നീക്കം ചെയ്തു. അധികൃതരിൽ നിന്നും തുടർന്നുള്ള നീക്കത്തിനായി കാത്തിരിക്കെയാണ് ബുധനാഴ്ചയോടെ ഡിസ്കവർ ഖത്തർ ബുക്കിങ് വിൻഡോ വീണ്ടും ആരംഭിച്ചത്.

ചുരുങ്ങിയ ചെലവിൽ കുടുംബത്തെ ഒപ്പമെത്തിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇനി ഓൺ അറൈവൽ യാത്ര ചെലവേറും.

Tags:    
News Summary - On Arrival Visa; 'Discover Qatar' restores hotel booking window

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.