ദോഹ: ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്സിൽ നിന്ന് വീണ്ടും സന്തോഷ വാർത്ത. കോവിഡ് കാലത്ത് സമൂഹത്തിനായി മികച്ച സേവനങ്ങൾ നൽകിയതിന് ആരോഗ്യപ്രവർത്തകർക്കായി കമ്പനി 100,000 സൗജന്യവിമാനടിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്താൽ പലർക്കും നിശ്ചിതസമയത്ത് യാത്രചെയ്യാൻ സാധിച്ചിരുന്നില്ല. ഇവർക്ക് 2021 സെപ്റ്റംബർ 30 വരെ ഈ ടിക്കറ്റുകളുടെ ബുക്കിങ് തീയതി ഖത്തർ എയർവേയ്സ് ദീർഘിപ്പിച്ചുനൽകിയിരിക്കുകയാണ്. 2022 മാർച്ച് 31 വരെ യാത്രാചെയ്യാനുമാകും.
'താങ്ക് യു' എന്ന പ്രത്യേകപദ്ധതിക്ക് കീഴിലാണ് കോവിഡ് രോഗബാധിതർക്കായി ജീവിതം സമർപ്പിച്ച ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ ലോകത്തിലെ മുൻനിര എയർലൈനായ ഖത്തർ എയർവേയ്സ് സമ്മാനം നൽകിയത്. കഴിഞ്ഞ മേയ് 12ന് ലോകനഴ്സസ് ദിനത്തിനോടനുബന്ധിച്ചായിരുന്നു ഇത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷം ആരോഗ്യ പ്രവർത്തകർക്കാണ് സൗജന്യ ടിക്കറ്റ് നൽകിയത്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരവായാണിത്.
കഴിഞ്ഞ മേയ് 12ന് ദോഹ സമയം പുലർച്ചെ 1 മുതൽ മെയ് 18 അർധരാത്രി 11.59 വരെയാണ് ടിക്കറ്റിനായി രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. ആഗോളതലത്തിൽ ഡോക്ടർമാർ, മെഡിക്കൽ പ്രാക്ടീഷ്യണർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻമാർ, ക്ലിനിക്കൽ ഗവേഷകർ എന്നിവരെല്ലാം സൗജന്യ ടിക്കറ്റിന് യോഗ്യരായിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന പ്രമോഷൻ കോഡ് ഉപയോഗിച്ച് 2020 നവംബർ 26ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. 2020 ഡിസംബർ 10ന് മുമ്പായി യാത്ര ചെയ്യുകയും വേണമായിരുന്നു. എന്നാൽ പലർക്കും കോവിഡ് സാഹചര്യമായതിനാൽ യാത്ര ചെയ്യാനോ ടിക്കറ്റ് ബുക്ക് ചെയ്യാനോ സാധിച്ചിരുന്നില്ല. ഇവർക്ക് ഖത്തർ എയർവേയ്സിൻെറ പുതിയ തീരുമാനം ആശ്വാസം പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.