ദോഹ: സട കൊഴിഞ്ഞ്, ശരീരം ക്ഷയിച്ച്, ഗർജനം നിലച്ച് ലോകത്തിലെ ഏറ്റവും ഏകാകിയായ സിംഹമായി മാറിയ റൂബൻ ഒടുവിൽ കാടിന്റെ വിഹായസ്സിലേക്ക് ‘പറന്നെ’ത്തി. അഞ്ചു വർഷത്തോളമായി അർമീനിയയിലെ അടച്ചുപൂട്ടപ്പെട്ട മൃഗശാലയുടെ കോൺക്രീറ്റ് സെല്ലിനുള്ളിൽ ഏകാന്തനായി കഴിഞ്ഞ റൂബൻ ഖത്തർ എയർവേസ് കാർഗോ വിമാനം കയറിയാണ് ദക്ഷിണാഫ്രിക്കയിലെ എ.ഡി.ഐ വന്യജീവി സങ്കേതത്തിലെ പുതിയ താവളത്തിലെത്തിയത്.
മൃഗസ്നേഹികളുടെ കൂട്ടായ്മയായ ആനിമൽ ഡിഫൻഡേഴ്സ് ഇന്റർനാഷനലിന്റെ നിരന്തര ഇടപെടലിനൊടുവിൽ അർമീനിയയിലെ ഏകാന്ത തടവിൽനിന്ന് മോചനം നേടിയ റൂബന്റെ ഗർജനം ഇനി ദക്ഷിണാഫ്രിക്കയിലെ കാട്ടിൽ മുഴങ്ങും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരം ശ്രമിച്ചിട്ടും അസാധ്യമെന്ന് കരുതിയ ദൗത്യമാണ് ഖത്തർ എയർവേസ് കാർഗോയുടെ ഇടപെടലിൽ വിജയകരമായി പൂർത്തിയായത്. പ്രത്യേക കാർഗോ വിമാനത്തിലായിരുന്നു അർമീനിയയിൽനിന്ന് 5200 മൈൽ ദൂരം പിന്നിട്ട് ദക്ഷിണാഫ്രിക്കയിലെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.
സ്വകാര്യ മൃഗശാലയുടെ പ്രവർത്തനം നിലച്ചതോടെയാണ് 15 വയസ്സുള്ള റുബന്റെ ജീവിതം ദുരിതപൂർണമാവുന്നത്. അടച്ചുപൂട്ടിയ മൃഗശാലയിൽനിന്ന് മറ്റു മൃഗങ്ങളെല്ലാം പുതിയ ഇടങ്ങളിലേക്ക് ചേക്കേറിയെങ്കിലും റൂബനെ മാത്രം ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ല. പത്ത് വയസ്സായിരുന്നു അന്നവന് പ്രായം. കഴിഞ്ഞ വർഷം അവസാനത്തിലാണ് മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആനിമൽ ഡിഫൻഡേഴ്സ് ഇന്റർനാഷനൽ സംരക്ഷണത്തിനായി എത്തുന്നത്.
ഏകാകിയായതോടെ ഗർജനം മറന്ന്, ആവശ്യത്തിന് ഭക്ഷണവും വ്യായാമവും ഇല്ലാതെ ആരോഗ്യം ക്ഷയിച്ച റൂബനെ കാടിന്റെ പരിചരണത്തിലെത്തിക്കുന്നത് വെല്ലുവിളിയായി. വിവിധ മാർഗങ്ങൾ അന്വേഷിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഒടുവിലായിരുന്നു ഖത്തർ എയർവേസ് കാർഗോയുടെ ചാരിറ്റി പദ്ധതികൂടിയായ ‘വിക്യുവർ’ രക്ഷക്കെത്തുന്നത്.
വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ‘വി ക്യൂവർ’ റൂബന്റെ പുനരധിവാസവും ഏറ്റെടുക്കുകയായിരുന്നുവെന്ന് ഖത്തർ എയർവേസ് കാർഗോ സെയിൽസ് ആൻഡ് നെറ്റ്വർക്ക് പ്ലാനിങ് സീനിയർ വൈസ് പ്രസിഡന്റ് എലിസബത്ത് ഔഡ്കർക് പറഞ്ഞു.
വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൗത്യങ്ങളിൽ സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
എ.ഡി.ഐ പ്രതിനിധികൾ സമീപിച്ചപ്പോൾ, പൂർണമായും സൗജന്യമായിത്തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. പുതിയ ആവാസകേന്ദ്രത്തിൽ റൂബൻ മറ്റു സിംഹങ്ങൾക്കൊപ്പം കഴിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഖത്തർ എയർവേസ് എക്സിലൂടെ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.