ദോഹ: ഖത്തറും കാനഡയും തമ്മിലെ സൗഹൃദം ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ പര്യടനം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഓട്ടവയിലെത്തിയ അമീർ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുമായി കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളിലെ വ്യാപാര- വാണിജ്യ സഹകരണം, നിക്ഷേപം, സാമ്പത്തിക- അന്താരാഷ്ട്ര സഹകരണം ഉൾപ്പെടെ ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളിലും ഇരു രാഷ്ട്ര നേതാക്കളും ആശയവിനിമയം നടത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും, മേഖലയിലെ സംഘർഷ സാഹചര്യവും യോഗത്തിൽ വിലയിരുത്തി.
50 വർഷം പിന്നിടുന്ന നയതന്ത്ര സൗഹൃദം കൂടുതൽ മേഖലകളിലെ സഹകരണത്തിലൂടെ ഊഷ്മളമാക്കുമെന്ന് കൂടിക്കാഴ്ചക്കു ശേഷം അമീർ ‘എക്സ്’ പേജിലൂടെ പങ്കുവെച്ചു.
ജസ്റ്റിൻ ട്രൂഡോയുമായുള്ള ചർച്ചകൾ ഏറെ ക്രിയാത്മകവും സൗഹൃദവുമായിരുന്നുമെന്ന് അമീർ പറഞ്ഞു. ഓട്ടവയിലെ ഗ്ലോബൽ അഫയേഴ്സ് മന്ത്രാലയം ആസ്ഥാനത്ത് കാനഡ പ്രധാനമന്ത്രി ഒരുക്കിയ പ്രഭാത വിരുന്നിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഥാനിയും പങ്കെടുത്തു.
അമീരി ദിവാൻ ചീഫ് ശൈഖ് സഊദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഥാനി, സുരക്ഷ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വാണിജ്യ -വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽ ഥാനി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാശിദ് അൽ ഖാതിർ ഉൾപ്പെടെ ഉന്നതരും പങ്കെടുത്തു. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി, ശാസ്ത്ര-വ്യവസായ മന്ത്രി ഫിലിപ് ഷാംപെയ്ൻ ഉൾപ്പെടെ പ്രമുഖകരും ആതിഥേയ പക്ഷത്തു നിന്നും പങ്കുചേർന്നു.
ചൊവ്വാഴ്ചയെത്തിയ അമീറിനെ ഓട്ടവ വിമാനത്താവളത്തിൽ കാനഡ അന്താരാഷ്ട്ര വികസന കാര്യ മന്ത്രി അഹ്മദ് ഹുസൈൻ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.