ദോഹ: ഗസ്സയിൽ നിന്നും ദോഹയിലെത്തിച്ച ഫലസ്തീനികൾക്ക് സമഗ്ര പരിചരണം നൽകാനുള്ള ശ്രമങ്ങളിൽ ഖത്തറും ബ്രിട്ടനും കൈകോർക്കുന്നു. ഇരുരാജ്യങ്ങളുടെയും സംയുക്ത സംരംഭത്തിന് കീഴിൽ ഗസ്സയിൽ നിന്നും ദോഹയിലെത്തിച്ച ഫലസ്തീനികൾക്ക് ആരോഗ്യവും മാനസികവും സാമൂഹികവുമായ പരിചരണം നൽകുന്നവർക്ക് പരിശീലനം നൽകും. ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ നയതന്ത്ര ബന്ധമാണ് ഈ പങ്കാളിത്തത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മേൽനോട്ടത്തിൽ ഗസ്സയിൽ നിന്നും 3000 അനാഥകളെ ഏറ്റെടുക്കാനും പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സ നൽകാനും ഖത്തർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.വിംബിൾഡണിൽ നിന്നുള്ള താരിഖ് അഹ്മദിന്റെ ഖത്തർ സന്ദർശന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ ചുണ്ടിക്കാട്ടി. സംരംഭത്തിന് കീഴിലെ പ്രാരംഭ സാമ്പത്തിക സംഭാവന 140000 പൗണ്ടായിരിക്കുമെന്നും (6.47 ലക്ഷം റിയാൽ) ബ്രിട്ടീഷ് മെഡിക്കൽ ട്രെയിനിങ് ഏജൻസിയായ ഡേവിഡ് നോട്ട് ഫൗണ്ടേഷന് കീഴിൽ 50 ഡോക്ടർമാർക്ക് പരിശീലനം നൽകുമെന്നും എംബസി വ്യക്തമാക്കി.
ദോഹയിൽ 50 ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പരിശീലിപ്പിക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുകയെന്ന് ലുൽവ അൽ ഖാതിറും അറിയിച്ചു. വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും അനുഭവം ആർജിക്കുന്നതിനും വെർച്വൽ റിയാലിറ്റി ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയായിരിക്കും ബ്രിട്ടീഷ് സ്ഥാപനം പരിശീലനം നൽകുക.
ശാരീരിക ചികിത്സക്ക് പുറമേ ഇസ്രായേൽ ആക്രമണത്തിന്റെ ക്രൂരതകൾ നേരിട്ട് കണ്ടതിനാലും അനുഭവിച്ചതിനാലും കുടിയൊഴിപ്പിക്കപ്പെട്ടവരും മാനസികാരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതും പരിശീലനത്തിൽ ഉൾപ്പെടുത്തും. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിലെ പത്ത് ലക്ഷം കുട്ടികൾക്കെങ്കിലും മാനസികവും സാമൂഹികവുമായ പിന്തുണ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ അന്താരാഷ്ട്ര വികസന സഹകരണത്തിനും മാനുഷിക പ്രതികരണത്തിനുമായി ഖത്തറും ബ്രിട്ടനും പുതിയ സഹ ധനസമാഹരണ സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. കടുത്ത മാനുഷിക, വികസന വെല്ലുവിളികൾ നേരിടാൻ ഇരുരാജ്യങ്ങളും 50 ദശലക്ഷം ഡോളറാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.