ദോഹ: നീണ്ട അവധിക്കാലത്തിനു വിടപറഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ വീണ്ടും പഠനത്തിരക്കിലേക്ക്. ജൂൺ രണ്ടാം വാരത്തോടെ വേനലവധിക്കായി പിരിഞ്ഞ സ്കൂളുകൾ രണ്ടു മാസത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് അധ്യയനത്തിരക്കിലേക്ക് നീങ്ങുന്നത്. കടുത്ത ചൂടിൽനിന്ന് അൽപം ആശ്വാസമായി കാലാവസ്ഥ മാറിത്തുടങ്ങിയ ശേഷമാണ് വിദ്യാരംഭം. സർക്കാർ സ്കൂളുകളിൽ പുതു അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. എന്നാൽ, സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന 18ഓളം ഇന്ത്യൻ സ്കൂളുകൾ ഏപ്രിലിൽ ആരംഭിച്ച അധ്യയന വർഷത്തിന്റെ മൂന്നിലൊന്നു ഭാഗം പിന്നിട്ട ശേഷമാണ് ഇടവേള കഴിഞ്ഞ് തിരികെയെത്തുന്നത്.
കിൻഡർ ഗാർട്ടൻ ഉൾപ്പെടെ 279 സർക്കാർ സ്കൂളുകളിൽ 1.32 ലക്ഷം വിദ്യാർഥികളാണ് ക്ലാസുകളിലെത്തുന്നത്. സ്വകാര്യ മേഖലയിൽ ഏകദേശം 334 സ്കൂളുകളും കിന്റർ ഗാർട്ടനുകളുമുണ്ട്. ആകെ രണ്ടര ലക്ഷത്തിലേറെയാണ് വിദ്യാർഥികൾ. അവധി കഴിഞ്ഞ് കുട്ടികൾ തിരികെയെത്തുമ്പോൾ സ്വീകരിക്കാനായി വലിയ സന്നാഹങ്ങളാണ് വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം നേതൃത്വത്തിൽ നടത്തിയത്. ആരോഗ്യ മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയും വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. ‘ബാക് ടു സ്കൂൾ’ കാമ്പയിൻ സജീവമാക്കിയാണ് കുട്ടികളെ വരവേൽക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയും ആരോഗ്യ-സുരക്ഷ സംവിധാനങ്ങൾ കുറ്റമറ്റതാക്കിയും നേരത്തേ തന്നെ സ്കൂളുകൾ സജീവമായിരുന്നു. പത്തുദിവസം മുമ്പ് തന്നെ അധ്യാപകരും അനധ്യാപക ജീവനക്കാരും സ്കൂളുകളിൽ റിപ്പോർട്ട് ചെയ്ത് ഒരുക്കം തുടങ്ങി.
പാഠപുസ്തക വിതരണം, സ്കൂള്‍ കാന്റീൻ, സ്കൂള്‍ ബസ്, ഗതാഗത സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും ഒരുക്കം പൂര്‍ത്തിയായിക്കഴിഞ്ഞു. അധ്യാപകര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസുകളും മറ്റും കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. അവധി ആഘോഷം കഴിഞ്ഞ് പ്രവാസി കുടുംബങ്ങളും ദോഹയിലേക്ക് മടങ്ങിയെത്തി. അതേസമയം, ഓണാഘോഷത്തിനിടയിലാണ് അധ്യയന വർഷം പുനരാരംഭിക്കുന്നത്. മിക്കവരും, കുടുംബത്തിനൊപ്പം ഓണം കൂടിയാണ് തിരികെയെത്തുന്നത്.
സ്കൂൾ വിപണികൾ ആഗസ്റ്റ് ആദ്യം മുതൽ തന്നെ സജീവമായിരുന്നു. പഠനോപകരണങ്ങളും ബാഗുകളും മുതൽ ഭക്ഷ്യവസ്തുക്കൾ വരെ ഉൾപ്പെടുത്തിയാണ് ഹൈപ്പർമാർക്കറ്റുകളും മറ്റും സ്കൂൾ വിപണികൾക്ക് ഉത്സവച്ഛായ പകർന്നത്.
രണ്ടു മാസത്തിലേറെ നീണ്ട അവധിക്കുശേഷം ക്ലാസ് മുറികളിലേക്ക് എത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ വിപുലമായ പരിപാടികൾക്കാണ് മന്ത്രാലയങ്ങൾ തുടക്കം കുറിച്ചത്. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി വിദ്യാഭ്യാസം, പൊതുജനാരോഗ്യം മന്ത്രാലയങ്ങളുടെ ‘ബാക് ടു സ്കൂള്‍’ കാമ്പയിനുകള്‍ സജീവമാണ്. കുട്ടികളിൽ ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇത്തവണത്തെ ബാക്ക് ടു സ്കൂള്‍ കാമ്പയിൻ. വിദ്യാർഥികള്‍ ശീലിക്കേണ്ട ആരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കം, ഉചിതമായ സ്കൂള്‍ ബാഗ് തിരഞ്ഞെടുക്കേണ്ടത് എന്നിവയെക്കുറിച്ചെല്ലാമാണ് കാമ്പയിനിലൂടെയുള്ള ബോധവത്കരണം. ഇതിനു പുറമെ, പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ നേതൃത്വത്തിലുള്ള പ്രത്യേക കാമ്പയിനും ഞായറാഴ്ച തുടക്കം കുറിക്കും. പി.എച്ച്.സി.സിയും സ്കൂൾ വിദ്യാർഥികളുമായി ബന്ധിപ്പിക്കുന്ന സ്കൂൾ ക്ലിനിക്കുകളെ സ്മാർട്ട് ക്ലിനിക്കുകളാക്കുന്നത് ഉൾപ്പെടെ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
സെപ്റ്റംബർ ഏഴു വരെയാണ് സ്കൂൾ വിദ്യാർഥികളെ ലക്ഷ്യംവെച്ച് ബാക് ടു സ്കൂൾ കാമ്പയിൻ പി.എച്ച്.സി.സി നടത്തുന്നത്. അൽ വക്റ, ഉമർ ബിൻ അൽ ഖത്താബ്, മുഐതർ, അൽ വജ്ബ, ഖത്തർ യൂനിവേഴ്സിറ്റി, ഉം സലാൽ എന്നീ ആറ് ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കാമ്പയിൻ പ്രവർത്തനങ്ങൾ സ്കൂൾ, കിൻഡർഗാർട്ടൻ വിദ്യാർഥികളിലെത്തിക്കുകയാണ് ലക്ഷ്യം. എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും എല്ലാ പൊതു സ്കൂൾ ജീവനക്കാരെയുമാണ് കാമ്പയിൻ ലക്ഷ്യമാക്കുന്നത്.
ആരോഗ്യ മേഖലയിലെ ഏറ്റവും പുതിയ സേവനങ്ങളും സംവിധാനങ്ങളും സ്മാർട്ട് ക്ലിനിക് വഴി സ്കൂളുകൾക്ക് ലഭ്യമാക്കും. പ്രചാരണ പരിപാടികൾ ബുധനാഴ്ച വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.