ദോഹ: ജീവവായു കിട്ടാതെ ഇന്ത്യയിൽ കോവിഡ് രോഗികൾ മരിച്ചുവീഴുേമ്പാൾ ഖത്തറിൽ നിന്ന് സഹായവാഗ്ദാനം. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തർ പെട്രോളിയ(ക്യു.പി)ത്തിൻെറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്.സി ആണ് 60 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ ഇന്ത്യക്ക് കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഖത്തറിൽ ഓയിൽ ആൻറ് ഗ്യാസ് മേഖലക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ഓക്സിജൻ ഉൽപാദിപ്പിക്കുന്ന പ്രധാന കമ്പനിയാണിത്. റാസ്ലഫാനിലെയും ഉംസെയ്ദിലെയും പ്ലാൻറുകളിലാണ് ഉൽപാദനം. ഇവിടെ നിന്ന് ഇന്ത്യക്കായി ഓക്സിജൻ നൽകാമെന്നാണ് വാഗ്ദാനം.
ഒരുദിവസം 60 മെട്രിക് ടൺ നൽകാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെൻറർ മുൻ പ്രസിഡൻറ് ഗിരീഷ് കുമാറിൽ നിന്ന് ഇൗ വിവരം അറിഞ്ഞ മുൻ ഇന്ത്യൻ അംബാസഡർ സജ്ഞീവ് അറോറ തൻെറ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഓക്സിജൻ കൊണ്ടുപോകാനുള്ള പ്രത്യേക ക്രയോജനിക് സ് റ്റോറേജ് വെസൽ, അല്ലെങ്കിൽ ഐ.എസ്.ഒ ടാങ്കുകൾ ഇന്ത്യ അയക്കണം. 180 ഡിഗ്രി സെൽഷ്യസ് തണുപ്പ് സംവിധാനമുള്ള ഈ ടാങ്കുകൾ കാലിയാക്കി വിമാനത്തിൽ അയക്കാം. 20,000 ലിറ്റർ തോതിൽ 60,000 ലിറ്റർ ഒരുദിവസം തന്നെ കപ്പൽ മാർഗം ഇന്ത്യയിലേക്ക് കയറ്റിഅയക്കാം. വിമാനമാർഗം ടാങ്കുകൾ മൂന്നര മണിക്കൂറിനുള്ളിൽ ഖത്തറിൽ എത്തിക്കാൻ കഴിയും. പ്ലാൻറിൽ നിന്ന് അതിവേഗം ഓക്സിജൻ നിറച്ച് കപ്പൽ മാർഗം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക് എത്തുകയും ചെയ്യും.
ടാങ്കുകൾ അയക്കാനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.കെ സിങുമായി ഗിരീഷ് കുമാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ക്രയോജനിക് ടാങ്കുകൾ ലഭ്യമല്ലെന്ന വിവരമാണ് ഒടുവിൽ ലഭിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഖത്തർ ഇന്ത്യൻ അംബാസഡർക്കും ഗിരീഷ് കുമാർ മെയിൽ അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെയും ബംഗളൂരുവിലെയും ഇന്ത്യൻ സംഘവുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതരും പറയുന്നു.
ഖത്തർ പെട്രോളിയം, എയർ ലിക്വിഡ്, ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനി എന്നിവയുടെ സംയുക്തസംരംഭമായി 2006ൽ സ്ഥാപിതമായതാണ് ഗസാൽ ക്യു.എസ്.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.