ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിന് വെള്ളിയഴ്ച ഉച്ചയോടെ തുടക്കമായിട്ടും പരാതികൾ ഏറെ. ഡിജിപോൾ ആപ്പ് വഴി നടക്കുന്ന വോട്ടെടുപ്പിൽ സ്ഥാനാർഥികളുടെ ക്രമം തെറ്റുന്നതും വോട്ടു ചെയ്ത വെരിഫിക്കേഷന് ഒ.ടി.പി ലഭിക്കാൻ താമസിക്കുന്നതുമെല്ലാം പ്രയാസം സൃഷ്ടിക്കുന്നതായി വോട്ടർമാർ പരാതിപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് വോട്ടെടുപ്പ്. എന്നാൽ, വോട്ടെടുപ്പ് സമയം ആരംഭിച്ചതിനു പിന്നാലെ, ഡിജി ആപ്പ് ലോഗിൻ ചെയ്ത് തങ്ങളുടെ സ്ഥാനാർഥികളെ തെരഞ്ഞെടുത്ത് വോട്ട് രേഖപ്പെടുത്തുന്നവർക്ക് നടപടി പൂർത്തിയാക്കുന്നതിനുള്ള ഒ.ടി.പി ലഭിക്കാൻ മണിക്കൂറുകൾ എടുക്കുന്നതായി പരാതി ഉയരുന്നു. ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നി എംബസി അനുബന്ധ ബോഡികളിലേക്ക് ഫെബ്രുവരി 17നായിരുന്നു ആദ്യം വോട്ടെടുപ്പ് നിശ്ചയിച്ചത്.
എന്നാൽ, ഓൺലൈൻ വോട്ടിങ്ങിലെ സാങ്കേതിക പ്രശ്നങ്ങളാൽ 24ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഒരാഴ്ചയിലേറെ സമയം ലഭിച്ചിട്ടും സാങ്കേതിക പ്രശ്നം പൂർണമായും പരിഹരിച്ച് വോട്ടെടുപ്പ് നടപടി ക്രമം കുറ്റമറ്റതാക്കാൻ കഴിഞ്ഞില്ലെന്ന് വോട്ടർമാർ ആക്ഷേപ മുന്നയിക്കുന്നു. മൂന്ന് മണിക്ക് വോട്ടിങ്ങിന് ശ്രമിച്ച് ഒരുമണിക്കൂറിലേറെ കഴിഞ്ഞിട്ടും ചില വോട്ടർമാർക്ക് ഒ.ടി.പി ലഭിച്ചില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇതിനു പുറമെ, ഐ.സി.സി, ഐ.എസ്.സി, ഐ.സി.ബി.എഫ് തുടങ്ങി മൂന്ന് കമ്മിറ്റികളിലെ സ്ഥാനാർഥികളുടെ പട്ടിക ആപ്പിൽ ഇടകലർന്നതായും പരാതി ഉയരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റിനൊപ്പം ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും, ഐ.സി.സി പ്രസിഡന്റിനൊപ്പം ഐ.സി.ബി.എഫ് അംഗങ്ങളെയുമെല്ലമാണ് ആപ്പിലെ വോട്ടിങ് പാനലിൽ കാണുന്നത്.
ആപ്പ് വികസിപ്പിച്ച ചെന്നൈ ആസ്ഥാനമായ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഒ.ടി.പി ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾ കാരണം നഷ്ടമാവുന്ന സമയം കണക്കാക്കി ആവശ്യമെങ്കിൽ അധിക സമയം അനുവദിക്കുമെന്നും അറിയിച്ചു. ഉച്ചക്ക് മൂന്ന് മുതൽ രാത്രി ഒമ്പത് മണിവരെയാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.