ദോഹ: ഡിസംബർ 26ന് നടക്കേണ്ടിയിരുന്ന ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനകളുടെ തെരഞ്ഞെടുപ്പ് നീട്ടി. ഇത്തവണ ഓൺലൈനായാണ് തെരഞ്ഞെടുപ്പ്. ഇതിനായുള്ള പ്രത്യേക ആപ്പുമായി ബന്ധപ്പെട്ട സാങ്കേതികതടസമാണ് തെരഞ്ഞെടുപ്പ് നീട്ടാനുള്ള കാരണം. രണ്ടാഴ്ചത്തേക്കാണ് നീട്ടിയതെങ്കിലും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ.എസ്.സി) എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇന്ത്യൻ ബിസിനസ് ആൻറ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) തെരഞ്ഞെടുപ്പ് തൽകാലം നടത്തില്ലെന്ന് എംബസി നേരത്തേ അറിയിച്ചിട്ടുണ്ട്.
കോവിഡ് സാഹചര്യമായതിനാലാണ് ഇത്തവണ ഓൺലൈനായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.
ഇതിനായുള്ള പ്രത്യേക ആപ്പ് ആയ ഡിജിപോൾ ആപ്പിന് ആപ്പ്ളിൻെറ ഐ.ഒ.എസ് അംഗീകാരം ലഭിച്ചിട്ടില്ല. ആപ്പ്ൾ പ്ലാറ്റ് ഫോമുകളിൽ ഏതെങ്കിലും ആപ്പ് ഉപയോഗിക്കാൻ ആപ്പിൾ ഓപറേറ്റിങ് സിസ്റ്റത്തിൻെറ അംഗീകാരം ആവശ്യമാണ്. ആപ്പ്ൾ സ് റ്റോർ വാർഷിക അറ്റകുറ്റപണികൾക്കായി ഡിസംബർ 23 മുതൽ 27 വരെ ഷട്ട്ഡൗൺ ചെയ്തിരിക്കുകയാണ്. ഇതിനാലാണ് ഡിജിപോൾ ആപ്പിന് അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതെന്ന് എംബസിയുടെ ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കാമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണിയറ നീക്കങ്ങൾ നേരത്തേ തന്നെ സജീവമായിരുന്നു. മുൻകാലങ്ങളില്ലാത്ത വിധം ഇത്തവണ ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് കനത്ത മൽസരമാണ് നടക്കുന്നത്. 3200ഓളം അംഗങ്ങൾ ഐ.സി.ബി.എഫിനും 2600ഓളം ഐ.സി.സിക്കുമുണ്ട്. നിലവിലെ ഐ.സി.ബി.എഫ് പ്രസിഡൻറായ പി.എൻ ബാബുരാജനാണ് ഇത്തവണ ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിക്കുന്നത്. ജൂട്ടാസ് പോൾ ആണ് ഈ സ്ഥാനത്തേക്ക് മൽസരിക്കുന്ന മറ്റൊരു പ്രമുഖൻ. നിലവിൽ ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗമാണ് ജൂട്ടാസ്. കടുത്ത മൽസരത്തിനാണ് അണിയറയിൽ അരങ്ങൊരുങ്ങിയത്. ഡോ. മോഹൻതോമസ്, ഷറഫ് പി.ഹമീദ് എന്നിവരാണ് ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിക്കുന്നത്. ഷറഫ് പി.ഹമീദ് നിലവിൽ വൈസ്പ്രസിഡൻറാണ്.
ഐ.സി.ബി.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് മാനേജ്മെൻറ് കമ്മിറ്റി അംഗവും സ്പോൺസർഷിപ്പ് ആൻറ് ഇവൻറ്സ് ഹെഡുമായ സിയാസ് ഉസ്മാനാണ് മൽസരിക്കുന്നത്. നിലവിലെ ജോയിൻറ് സെക്രട്ടറി സന്തോഷ് കുമാർ പിള്ളയും ഈ സ്ഥാനത്തേക്ക് മൽസരിക്കുന്നുണ്ട്.
തൽക്കാലം തെരഞ്ഞെടുപ്പ് നടക്കാത്ത ഐ.ബി.പി.സിയുടെ ഭരണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയാണ് ചെയ്യുക. ഈ കമ്മിറ്റി കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും ഐ.ബി.പി.സിയുടെ കാര്യത്തിൽ തുടർതീരുമാനങ്ങളെടുക്കുക. ഖത്തറിലെ ബിസിനസ് മേഖലയിലെ പ്രമുഖരെ ഐ.ബി.പി.സിയിൽ കൊണ്ടുവന്ന് ഇന്ത്യക്കും ഖത്തറിനുമിടയിലെ വാണിജ്യതാൽപര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതും എംബസി ലക്ഷ്യമിടുന്നുണ്ട്.
ഡിസംബർ 26ന് ഓൺലൈനായി തെരഞ്ഞെടുപ്പ് നടത്തി അന്ന് തന്നെ ഫലപ്രഖ്യാപനവും നടത്തുമെന്നാണ് നേരത്തേ ഇന്ത്യൻ എംബസി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.