ദോഹ: ഈ വർഷം അവസാനത്തോടെ ഖത്തറിലും വാറ്റ് (മൂല്യവർധിത നികുതി) നടപ്പാക്കാൻ സാധ്യത. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഈയിടെ ഒപ്പുവെച്ച കരാർ പ്രകാരമാണിത്. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങൾക്ക് ഖത്തർ നേരത്തേ തന്നെ അംഗീകാരം നൽകിയിരുന്നു. വാറ്റ് നടപ്പിൽ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തർ ജനറൽ ടാക്സ് അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.
ഈ വർഷംതന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സർക്കാർ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഈ രംഗെത്ത വിദഗ്ധർ പറയുന്നു. ഇതുസംബന്ധിച്ച് 'ഗൾഫ് ടൈംസ്' പത്രവും വാർത്ത നൽകിയിരുന്നു. വാറ്റ് നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെപ്പിലാണ് രാജ്യമെന്ന് 'ടാക്സ് ഫോർ ഖത്തരി ബിസിനസ്' എന്ന തലക്കെട്ടിൽ ഏണസ്റ്റ് ആൻഡ് യങ് നടത്തിയ വെർച്വൽ സെമിനാറിൽ വിദഗ്ധർ പറഞ്ഞു.
ഈയിടെ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒപ്പുവെച്ച കരാർ പ്രകാരം രാജ്യത്ത് ഉടൻ തന്നെ വാറ്റ് നടപ്പാക്കാനുള്ള സാധ്യതകളാണുള്ളത്. കമ്പനികൾ ഇതിനായി തയാറെടുക്കണമെന്നും ചുരുങ്ങിയത് ആറു മാസമെങ്കിലും ഇതിനായി ആവശ്യംവരുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ല.
എന്നാൽ, നടപടികൾ ജനറൽ ടാക്സ് അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ടെന്ന് അൽ തമീമി ആൻഡ് കമ്പനിയും ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സ് അസോസിയേഷനും സംയുക്തമായി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ നികുതി സംവിധാനത്തിൽ ഖത്തർ വരുത്തിയ മാറ്റങ്ങളെല്ലാം സമീപഭാവിയിൽ തന്നെ വാറ്റ് നടപ്പാക്കുമെന്നതിലേക്കാണ് സൂചന നൽകുന്നത്. കോവിഡ്–19നെ തുടർന്നുണ്ടായ പ്രതിസന്ധികൾ നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിലേക്ക് സർക്കാറുകളെ നിർബന്ധിപ്പിച്ചതായി ഇ.വൈ ബിസിനസ് ടാക്സ് ഉപദേശക സമിതിയായ അഹ്മദ് അദ്ദുസൂകി പറഞ്ഞു.
മേഖലയിൽ തന്നെ ടാക്സ് റിട്ടേൺ, പേമെൻറ് എന്നിവയുടെ കാലാവധി ദീർഘിപ്പിച്ച ആദ്യ സ്ഥാപനമായിരുന്നു ഖത്തറിലെ ജനറൽ ടാക്സ് അതോറിറ്റി. കൂടുതൽ വരുമാനം ലഭിക്കുന്നതിന് ടാക്സ് അതോറിറ്റി വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഇതിനാലാണ് വാറ്റ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.