ദോഹ: ഖത്തറിന്റെ ഉൾക്കടലിലെ അസാധാരണ ജൈവ സമ്പത്തുകളിൽ ഒന്നാണ് തിമിംഗല സ്രാവുകൾ. ലോകത്ത് വംശനാശഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണത്തിനായി യുനെസ്കോയുമായി കൈകോർത്ത് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രത്യേക ഫോറത്തിന് രാജ്യം വേദിയാവും. മേയ് 22ന് റാസ് മത്ബഖിലെ അക്വാട്ടിക്സ് മത്സ്യഗവേഷണ കേന്ദ്രത്തിലാണ് ഫോറം നടക്കുക.
ഗൾഫ് മേഖലയിൽ തിമിംഗല സ്രാവുകൾ നേരിടുന്ന ഭീഷണികളായ വേട്ടയാടൽ, അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കൽ തുടങ്ങിയവയും ഫോറത്തിൽ പ്രത്യേകം ചർച്ച ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാനും മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പ് മേധാവിയുമായ മുഹമ്മദ് അൽ ഖാൻജി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവുകളുടെ ജീവിതചക്രവും സംരക്ഷണവും പൊതുവിൽ കടൽ പരിസ്ഥിതിയുടെ സംരക്ഷണവും മുൻനിർത്തി യുനെസ്കോയുമായും ഗൾഫ് രാജ്യങ്ങളുമായും പങ്കിട്ടുകൊണ്ടുള്ള ശിപാർശകളും ഫോറത്തിൽ ചർച്ച ചെയ്യുമെന്ന് അൽ ഖാൻജി കൂട്ടിച്ചേർത്തു.
തിമിംഗല സ്രാവുകൾ ഖത്തരി സമുദ്രത്തിൽ വൻതോതിലാണ് സംരക്ഷിക്കപ്പെടുന്നത്.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് സാധാരണയായി അവയുടെ കുടിയേറ്റ സമയം. തിമിംഗല സ്രാവുകളെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചും പഠിക്കാനും അവയുടെ എണ്ണം കണക്കാക്കാനും ജനിതകമുദ്ര രേഖപ്പെടുത്താനും പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും നിരന്തര ശ്രമങ്ങളുണ്ട്.
തിമിംഗല സ്രാവുകൾ ആക്രമണകാരികളോ കൊള്ളയടിക്കുന്ന ജീവികളോ അല്ലെന്നും പ്രദേശത്തെ മത്സ്യസമ്പത്തിനെ ബാധിക്കുകയില്ലെന്നും അൽ ഖാൻജി പറഞ്ഞു.
ഖത്തർ എയർവേസ്, സീഷോർ ഗ്രൂപ് എന്നിവരാണ് ഫോറത്തിന്റെ പ്രായോജകരെന്ന് എം.ഒ.സി.സി പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ഫർഹൂദ് ഹാദി അൽ ഹാജിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.