ദോഹ: ഈ വർഷം 81 ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യമരുളാനുള്ള ഒരുക്കവുമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി). ഇതിൽ 14 എണ്ണം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ ടൂർണമെന്റുകളാണ്. 2023ലെ സ്പോർട്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കലണ്ടറിലാണ് ക്യു.ഒ.സി ടൂർണമെന്റുകളുടെ വിശദവിവരം പ്രഖ്യാപിച്ചത്.
2023ൽ ഖത്തർ വോളിബാൾ അസോസിയേഷനാണ് ആദ്യ ഇവന്റ് സംഘടിപ്പിക്കുന്നത്. ബീച്ച് വോളിബാളിൽ കിങ് ഓഫ് ദ കോർട്ട് ഫൈനൽസ് ആണ് ജനുവരിയിൽ ആദ്യം അരങ്ങേറുന്നത്. പിന്നാലെ, ബീച്ച് ടൂർ പ്രോ ഫൈനൽസും നടക്കും. ഫെബ്രുവരിയിൽ ഖത്തർ വോളിബാൾ അസോസിയേഷൻ 2023 ബീച്ച് വോളിബാൾ വേൾഡ് പ്രോ ടൂർ എലീറ്റ് 16 ചാമ്പ്യൻഷിപ്പിനും വേദിയൊരുക്കും. ഖത്തർ, ടെന്നിസ്, സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ വാർഷിക പ്രഫഷനൽ ടെന്നിസ് ചാമ്പ്യൻഷിപ്പുകൾക്ക് വേദിയൊരുക്കും. ഫെബ്രുവരിയിൽ ഖത്തർ എക്സോൺ മൊബീൽ ഓപണും ഖത്തർ ടോട്ടൽ എനർജീസ് ഓപണും നടക്കും.
ഖത്തർ ജിംനാസ്റ്റിക്സ് അസോസിയേഷനാണ് മാർച്ചിൽ വമ്പൻ ടൂർണമെന്റിന്റെ സംഘാടനവുമായി രംഗത്തെത്തുന്നത്. 2023ലെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ഖത്തർ ഗോൾഫ് അസോസിയേഷൻ മാർച്ചിൽ 37ാമത് ഖത്തർ ഓപൺ അമച്വർ ഗോൾഫ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കും. ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ 2023 ഐ.എസ്.എസ്.എഫ് വോൾഡ് ഷോട്ട്ഗൺ നടത്തും. ഖത്തർ, ടെന്നിസ്, സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ ഫെഡറേഷന്റെ കാർമികത്വത്തിൽ ഉരീദു ഖത്തർ മേജർ പഡെൽ ചാമ്പ്യൻഷിപ് അരങ്ങേറും.
മേയിൽ ലോക ജൂഡോ ചാമ്പ്യൻഷിപ് ദോഹയിൽ നടക്കും. അലി ബിൻ ഹമദ് അൽ ആത്തിയ അറീനയിലാണ് മത്സരവേദി. ഫിബ 3x3 വേൾഡ് ടൂർ ദോഹക്ക് ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ വേദിയൊരുക്കും. ഖത്തർ, ടെന്നിസ്, സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ ഖത്തർ ക്യൂ ടെർമിനൽസ് ക്ലാസിക് സ്ക്വാഷ് ടൂർണമെന്റ് നടത്തും.
2024ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ ഷോ ജംപിങ് മത്സരങ്ങൾക്കുള്ള യോഗ്യതാ വേദി കൂടിയായി ലോങ്ങിനെസ് വേൾഡ് ഷോ ജംപിങ് ചാമ്പ്യൻഷിപ് ടൂർസ് അരങ്ങേറും. 28ാമത് ഖത്തർ ഇന്റർനാഷനൽ ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്, 2023 കമേഴ്സ്യൽ ബാങ്ക് ഖത്തർ മാസ്റ്റേഴ്സ് ഗോൾഫ് ചാമ്പ്യൻഷിപ്, ഖത്തർ ഫെൻസിങ് ഗ്രാൻഡ് പ്രീ, ഖത്തർ ഗ്രാൻഡ് പ്രീ (ഷോട്ഗൺ), എഫ്.ഐ.പി ഒഫീഷ്യൽ പഡെൽ ടൂർ, ദോഹ ഡയമണ്ട് ലീഗ്, മൂന്നാമത് ഖത്തർ ഇന്റർനാഷനൽ ൈതക്വാൻഡോ ഓപൺ ചാമ്പ്യൻഷിപ്, ഖത്തർ ഇന്റർനാഷനൽ ഐസ് ഹോക്കി ചാമ്പ്യൻഷിപ്, ഖത്തർ ഇൻറർനാഷനൽ വെയ്റ്റ്ലിഫ്റ്റിങ് കപ്പ് എന്നീ വിവിധ ഇനങ്ങളിൽ രാജ്യാന്തര മത്സരങ്ങൾക്കായി ഖത്തർ വേദിയാവും.
ഏഷ്യൻ തലത്തിൽ 17 കായിക മാമാങ്കങ്ങൾ 2023ൽ അരങ്ങേറും. ബാസ്കറ്റ്ബാളിൽ ഫിബ ഏഷ്യകപ്പ് 2025 പ്രീ ക്വാളിഫയേഴ്സ്, ഏഷ്യ പ്രഫഷനൽ ഗോൾഫ് ടൂർ, വെസ്റ്റ് ഏഷ്യ പുരുഷ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഫിബ അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്, ഏഷ്യ റഗ്ബി സെവൻസ് ട്രോഫി, വെസ്റ്റ് ഏഷ്യ മെൻസ് സ്ക്വാഷ് ചാമ്പ്യൻഷിപ്, ഏഷ്യൻ ഹാൻഡ്ബാൾ ക്വാളിഫിക്കേഷൻസ് ഫോർ 2024 ഒളിമ്പിക്സ്, ഏഷ്യൻ പഡെൽ ചാമ്പ്യൻഷിപ് എന്നിവ അവയിൽ ചിലതാണ്.
അറബ് തലത്തിൽ നാലു ചാമ്പ്യൻഷിപ്പുകൾക്കാണ് 2023ൽ ആതിഥ്യം വഹിക്കുക. ദോഹ സ്റ്റാർസ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്, അറബ് സ്ക്വാഷ് ചാമ്പ്യൻഷിപ്, അറബ് പഡെൽ ടൂർണമെന്റ്, അറബ് ജൂഡോ ചാമ്പ്യൻഷിപ് എന്നിവയാണവ.
ജി.സി.സി തലത്തിൽ അഞ്ചു സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ ഈ വർഷം വേദിയാകും. 2023 ജി.സി.സി സ്പോർട്സ് ടൂർണമെന്റ് ഫോർ യൂനിവേഴ്സിറ്റീസ് ആൻഡ് ഹയർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്, ജി.സി.സി സ്ക്വാഷ് ചാമ്പ്യൻഷിപ്, ജി.സി.സി 3x3 ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്, ജി.സി.സി 3x3 അണ്ടർ 16 ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്, ജി.സി.സി പഡെൽ ചാമ്പ്യൻഷിപ്, ജി.സി.സി ബില്യാഡ് ആൻഡ് സ്നൂക്കർ ചാമ്പ്യൻഷിപ് എന്നിവയാണ് ഖത്തറിലെത്തുന്നത്.
ഖത്തർ ബാസ്കറ്റ്ബാൾ കപ്പ്, നാഷനൽ സ്പോർട്സ് ഡേ, ക്യൂ.സി.സി ചലഞ്ച് ചാമ്പ്യൻഷിപ്, ക്യു.സി.സി ബീച്ച് ഗെയിംസ്, ഖത്തർ വോളിബാൾ കപ്പ് ഫൈനൽ, ഒളിമ്പിക് സ്കൂൾസ് പ്രോഗ്രാം സമാപനം, അമീർ വോളിബാൾ കപ്പ് ഫൈനൽ, ഖത്തർ ഹാൻഡ്ബാൾ കപ്പ് ഫൈനൽ, അമീർ ഹാൻഡ്ബാൾ കപ്പ്, അമീർ ബാസ്കറ്റ്ബാൾ കപ്പ് ഫൈനൽ, വേൾഡ് ഒളിമ്പിക് ഡേ, സ്പോർട്സ് എക്സലൻസി അവാർഡുകൾ, ഫ്ലാഗ് റിലേ, അമീർ ഫുട്ബാൾ കപ്പ് ഫൈനൽ, ഖത്തർ ഫുട്ബാൾ കപ്പ് ഫൈനൽ, അമീർ സ്വോഡ് ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ ഉൾപ്പെടെ സ്പോർട്സ് കലണ്ടറിൽ പ്രാദേശിക കായിക മേളകളും പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.