ദോഹ: ഫലസ്തീൻ രാഷ്ട്രത്തിനും ജനതക്കുമുള്ള ഖത്തറിെൻറ മേഖല–അന്തർദേശീയതല പിന്തുണക്ക് പ്രശംസയുമായി ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ്യ. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിന് ഖത്തർ എന്ന രാഷ്ട്രം എല്ലാ സാധ്യതകളും ഉപയോഗിക്കുന്നുണ്ടെന്നും ഇസ്മാഈൽ ഹനിയ്യ കൂട്ടിച്ചേർത്തു. ഖത്തറിെൻറ പിന്തുണ ഫലസ്തീൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും കഴിഞ്ഞ കാലയളവിൽ ഫലസ്തീൻ നേരിട്ട പ്രതിസന്ധികൾക്കിടയിൽ അറബ്, ഇസ്ലാമിക രാഷ്ട്ര പദവികളിലിരുന്ന് നിരന്തരം രംഗത്തുണ്ടായിരുന്നുവെന്നും ഖത്തറിലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ആഭ്യന്തര രംഗത്തും വൈദേശിക തലത്തിലും ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമ രാജ്യംകൂടിയാണ് ഖത്തറെന്നും ഹമാസ് നേതാവ് ചൂണ്ടിക്കാട്ടി. ഫലസ്തീനു വേണ്ടിയുള്ള ഖത്തറിെൻറ സാമ്പത്തിക സഹായം അന്നുമുതൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്തീന് നൽകിക്കഴിഞ്ഞു.
ഗസ്സയിൽ തകർക്കപ്പെട്ട 10,000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഖത്തറിനെതിരായ അന്യായമായ ഉപരോധം മേഖലയുടെ താൽപര്യം മുൻനിർത്തി ഉടൻ പിൻവലിക്കണം. മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഐക്യം പുനഃസ്ഥാപിക്കണമെന്നും ഹനിയ്യ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. ഉപരോധത്തെ തുടർന്നുണ്ടായ വെല്ലുവിളികളും പ്രതിസന്ധികളും മറികടക്കാനുള്ള ദോഹയുടെ കഴിവിനെ അഭിനന്ദിക്കുന്നു. മേഖലയിലെ സ്ട്രാറ്റജിക് സ്റ്റെബിലിറ്റി രാഷ്ട്രമായി ഖത്തർ മാറിയിട്ടുണ്ടെന്നും മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ ഖത്തർ പാകപ്പെട്ടുവെന്നും ഹനിയ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.