ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ള ആവശ്യത്തിന് പരിഹാരവുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജല ശുചീകരണ പദ്ധതികൾ. ഈ വർഷം 14 ജല ശുചീകരണപദ്ധതികൾ നടപ്പാക്കുമെന്ന് ക്യു.ആർ.സി.എസ് പ്രഖ്യാപിച്ചു. കിണറുകളും കുഴൽകിണറുകളും പുനരുജ്ജീവിപ്പിക്കൽ, വാട്ടർ ടാങ്കുകളും സൗരോർജ പമ്പുകളും സ്ഥാപിക്കൽ, പൊതുസ്ഥലങ്ങളിൽ വാട്ടർ കൂളറുകൾ, ജലസ്രോതസ്സുകൾ കുറവുള്ള പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്ക് കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിന് ടാങ്കർ ട്രക്കുകൾ വിന്യസിക്കൽ എന്നിവ പദ്ധതികളിൽ ഉൾപ്പെടുമെന്ന് ഖത്തർ റെഡ്ക്രസന്റ് അറിയിച്ചു.
ഫലസ്തീനിലെ ഗസ്സ, യെമൻ, നൈജർ, സുഡാൻ, സൊമാലിയ, അഫ്ഗാനിസ്താൻ, ലെബനാൻ, ഇറാഖ് എന്നിവിടങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് നാല് ലക്ഷത്തിലധികം പേർ ഗുണഭോക്താക്കളാകും. 2.19 കോടി റിയാലാണ് പദ്ധതികൾക്കായി ചെലവ് കണക്കാക്കുന്നത്.
മലിനീകരണം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായാണ് ഖത്തർ റെഡ് ക്രസന്റ് തങ്ങളുടെ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്.
2023ൽ ശുചിത്വ കിറ്റുകൾ വിതരണം ചെയ്യുക, വാട്ടർ ബോട്ടിലുകൾ, വാട്ടർ കണ്ടെയ്നറുകൾ, കൊതുകുവലകൾ എന്നിവയുടെ വിതരണമുൾപ്പെടെ വെള്ളവും മലിനജല സൗകര്യങ്ങൾ സുരക്ഷിതമാക്കുന്നതിന് നിരവധി പദ്ധതികളാണ് ക്യു.ആർ.സി.എസ് നടപ്പാക്കിയത്. 1.2 കോടി റിയാൽ ചെലവിൽ വനുവാട്ടു, സൊമാലിയ, യെമൻ, നൈജർ, ബംഗ്ലാദേശ്, ഇറാഖ്, ഫലസ്തീൻ, ജോർഡൻ എന്നിവിടങ്ങളിലായി നടപ്പാക്കിയ പദ്ധതികളിലായി നാല് ലക്ഷത്തിലധികം ആളുകളാണ് ഗുണഭോക്താക്കളായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.