ദോഹ: വിനോദസഞ്ചാര മേഖലയിലെ സേവന മികവിനുള്ള ഖത്തർ ടൂറിസം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യു.എൻ ടൂറിസത്തിന് കീഴിലെ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഖത്തർ ടൂറിസത്തിന്റെ രണ്ടാമത്തെ വിനോദസഞ്ചാര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം ദോഹ റാഫിസിൽ നടന്ന ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സഅദ് ബിൻ അലി അൽ ഖർജി പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.
യു.എൻ ടൂറിസം എക്സിക്യൂട്ടിവ് ഡയറക്ടർ നതാലിയ ബയോന, യു.എൻ ടൂറിസം മിഡിലീസ്റ്റ് റീജനൽ ഡയറക്ടർ ബസ്മ അൽ മയ്മാൻ എന്നിവർ പങ്കെടുത്തു. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ പങ്കുവഹിക്കുന്ന വിവിധ മേഖലകളിലെ പങ്കാളികൾക്കുള്ള അംഗീകാരമായി കഴിഞ്ഞവർഷമാണ് പ്രഥമ ടൂറിസം പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
ഏറെ സ്വീകാര്യമായി മാറിയ പുരസ്കാരം ഇത്തവണ യു.എൻ പങ്കാളിത്തത്തോടെ അവതരിപ്പിക്കുകയായിരുന്നു. വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, സേവനമേഖല തുടങ്ങിയവയിലായി ഏഴ് വിഭാഗങ്ങളിലാണ് ഇത്തവണ അവാർഡ് നൽകിയത്.
സർവിസ് എക്സലൻസ്, രുചിവൈവിധ്യവുമായി ബന്ധപ്പെട്ട ഗാസ്ട്രോണമിക് എക്സ്പീരിയൻസ്, ഐക്കണിക് അട്രാക്ഷൻസ് ആൻഡ് ആക്ടിവിറ്റീസ്, വേൾഡ് ക്ലാസ് ഇവന്റ്സ്, ഡിജിറ്റൽ ഫൂട്ട് പ്രിന്റ്, സ്മാർട്ട് ആൻഡ് സസ്റ്റയ്നബ്ൾ ടൂറിസം, കമ്യൂണിറ്റി ലീഡർഷിപ് എന്നിവയിലെ വിജയികളെ പ്രഖ്യാപിച്ചു.1200ലേറെ അപേക്ഷാർഥികളിൽനിന്നാണ് വിവിധ ഘട്ടങ്ങളിലൂടെ പരിശോധനകൾ നടത്തി വിജയികളെ പ്രഖ്യാപിച്ചതെന്ന് സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
വിധിനിർണയ ഘട്ടത്തിൽ സുതാര്യതയും കൃത്യതയും പുലർത്തിയ ജഡ്ജിങ് പാനലിനെയും അദ്ദേഹം പ്രശംസിച്ചു. രാജ്യം ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിൽ ടൂറിസം മേഖലയിലെ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരും പങ്ക് വലുതാണെന്നും അവരുടെ മികവിനുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ പുരസ്കാരത്തിനുള്ള പങ്കാളിത്തം കൂടുതൽ സജീവമാകണമെന്നും ആവശ്യപ്പെട്ടു.
ഈ വർഷം ആദ്യമായി അവതരിപ്പിച്ച ടൂറിസം ഇൻഫ്ലുവൻസർ ഓഫ് ദി ഇയർ പുരസ്കാരത്തിന് സൗദ് അൽ കുവാരി (SHLJADWAL) അർഹനായി. അവസാന റൗണ്ടിൽ ഒമ്പത് പേർ ഇടം നേടിയ മത്സരത്തിൽ പൊതുവോട്ടെടുപ്പിലെ പിന്തുണകൂടി പരിഗണിച്ചാണ് വിജയിയെ തെരഞ്ഞെടുത്തത്. കതാറ കൾച്ചറൽ വില്ലേജ് സി.ഇ.ഒ ഡോ. ഖാലിദ് ഇബ്രാഹിം അൽ സുലൈതി ടൂറിസം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി.
ഈ വർഷം ആദ്യത്തിൽ ഖത്തർ വേദിയൊരുക്കിയ ഏഷ്യൻ കപ്പ് ഫുട്ബാളിനും ഏതാനും പുരസ്കാരങ്ങൾ ലഭിച്ചു. വർഷത്തെ ഏറ്റവും മികച്ച കായിക മേള, അസസ്സിബിലിറ്റ ഇനിഷ്യേറ്റീവ് പുരസ്കാരങ്ങളാണ് ലഭിച്ചത്.
ത്രീ സ്റ്റാർ ഹോട്ടൽ (പ്രീമിയർ ഇൻ ദോഹ എജുക്കേഷൻ സിറ്റി), ഫോർ സ്റ്റാർ ഹോക്കൽ (എംബസി സ്യൂട്ട് ദോഹ, ഓൾഡ് ടൗൺ), ഫൈവ് സ്റ്റാർ ഹോട്ടൽ (മൻഡാരിൻ ഓറിയന്റെൽ), സ്പാ എക്സ്പീരിയൻസ് (സുലാൽ വെൽനസ് റിസോർട്ട്), ടൂർ ഗൈഡ് (കരോലാൻ പാചിയോ), ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി (ക്യൂ മൊമന്റ്സ്).
ടൂറിസം കൾചറൽ എക്സ്പീരിയൻസ് (ഓൾഡ് ദോഹ പോർട്ട്), അഡ്വഞ്ചർ ടൂറിസം (നാഷനൽ ക്രൂസ് ടൂറിസം), പ്രീമിയർ ഷോപ്പിങ് മാൾ എക്സ്പീരിയൻസ് (പ്ലെയ്സ് വെൻഡോം), ഐകണിക് ലോക്കൽ അട്രാക്ഷൻ (മുശൈരിബ് മ്യൂസിയം), ഡെസ്റ്റിനേഷൻ കാമ്പയിൻ (ഹമദ് അന്താരാഷ്ട്ര വിമാനത്താവളം), ടൂറിസം ഇന്നൊവേഷൻ അവാർഡ് (ഹയ്യ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.