ദോഹ: ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് മുന്നിൽ വാതിലുകൾ തുറന്നിട്ട് കാത്തിരിപ്പിലാണ് ഖത്തർ. വിവിധ വിദേശ രാജ്യങ്ങളിലെത്തി ഖത്തറിനെ പരിചയപ്പെടുത്തിയും സാംസ്കാരിക, വിനോദസഞ്ചാര സാധ്യതകൾ അറിയിച്ചും ഖത്തർ ടൂറിസം സഞ്ചാരികളെ ആകർഷിക്കുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ ചൈനയിലെ നാല് പ്രധാന നഗരങ്ങളിൽ റോഡ് ഷോ പൂർത്തിയാക്കിയതായി ഖത്തർ ടൂറിസം അറിയിച്ചു.
മാർച്ച് 27 മുതൽ 31 വരെ തീയതികളിലായി ഷെൻസെൻ, ഗ്വാങ്ചോ, ഷാങ്ഹായ്, ബെയ്ജിങ് എന്നീ നഗരങ്ങളിലാണ് ഖത്തർ ടൂറിസം റോഡ് ഷോ നടത്തിയത്. ഖത്തറിന്റെ സമ്പന്നമായ പൈതൃകവും ആധുനിക രീതിയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളും, വിനോദ സഞ്ചാര സാധ്യതകളും, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സംവിധാനങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നതായിരുന്നു റോഡ് ഷോ.
ട്രാവൽ ഏജൻസികൾ, പ്രാദേശിക ടൂർ ഓപറേറ്റർമാർ, മാധ്യമ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടെ 200 ഓളം വിദഗ്ധർക്കായി ഖത്തറിനെ പരിചയപ്പെടുത്തുന്ന സെഷനുകളും സംഘടിപ്പിച്ചു.
ഖത്തർ എയർവേസ്, ദോഹയിൽ നിന്നുള്ള നക്ഷത്ര ഹോട്ടലുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്ന റോഡ് ഷോ. ജനസംഖ്യയിലും സാമ്പത്തിക കരുത്തിലും മുൻനിരയിലുള്ള ചൈനീസ് ജനതയുടെ പുതിയ വിനോദ സഞ്ചാരപട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്തി വരും വർഷങ്ങളിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ വർഷവും ഖത്തർ ടൂറിസം നേതൃത്വത്തിൽ ചൈനയിൽ സഞ്ചാരികളെ ആകർഷിക്കാനായി വിവിധ പരിപാടികൾ നടത്തിയിരുന്നു. സെമിനാറുകൾ, ട്രാവൽ ഏജൻറുമാർക്കുള്ള പരിശീലനം തുടങ്ങിയവയും ഫിഫ ലോകകപ്പ് വേളയിൽ ദേശീയ ചാനലുകളുമായി സഹകരിച്ചും വിവിധ പ്രമോഷൻ പരിപാടികളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.