ദോഹ: പാരിസ് ഒളിമ്പിക്സിന് കൊടിയിറങ്ങാൻ രണ്ടു ദിനം മാത്രം ബാക്കിനിൽക്കെ ഖത്തറിന്റെ അക്കൗണ്ടിൽ മെഡൽ നിക്ഷേപത്തിന്റെ ശനിയാഴ്ചയായി മാറാൻ പ്രാർഥനകളോടെ ആരാധകർ. മെഡൽ പ്രതീക്ഷ ഏറെയുള്ള വിവിധ ഇനങ്ങളിൽ സൂപ്പർ താരങ്ങൾക്ക് ഈ പകലും രാത്രിയും നിർണായക അങ്കങ്ങൾ.
ടോക്യോ ഒളിമ്പിക്സിൽ ഖത്തറിനായി രണ്ടു സ്വർണം പിറന്ന ഹൈജംപിലും പുരുഷ വിഭാഗം വെയ്റ്റ് ലിഫ്റ്റിങ്ങിലും ഇന്നാണ് കലാശപ്പോരാട്ടങ്ങൾ. പുരുഷ വിഭാഗം ഹൈജംപിൽ ഒളിമ്പിക്സ്, ലോകചാമ്പ്യൻ താരമായ മുഅതസ് ബർഷിം ഫൈനലിൽ മാറ്റുരക്കും. രാത്രി എട്ടിനാണ് ഹൈജംപ് ഫൈനൽ. ഇതോടൊപ്പം, ടോക്യോയിൽ സ്വർണമണിഞ്ഞ വെയ്റ്റ്ലിഫ്റ്റർ ഫാരിസ് ഇബ്രാഹീമും ഇറങ്ങുന്നതോടെ പ്രതീക്ഷകൾ വാനോളമാണ്. രാത്രി 12.30ഓടെയാണ് ഫാരിസ് 102 കിലോ വിഭാഗത്തിൽ രാജ്യത്തിന്റെ പൊന്നിൻ പ്രതീക്ഷകളുമായി ഭാരമുയർത്തുന്നത്. തുടർച്ചയായി രണ്ടാം ഒളിമ്പിക്സ് സ്വർണമാണ് ഫാരിസിന്റെ ലക്ഷ്യം. സ്പെയിനിലും ഇറ്റലിയിലുമായി കടുത്ത പരിശീലനങ്ങൾ പൂർത്തിയാക്കിയാണ് താരം പാരിസിലെത്തിയത്. ടോക്യോ ഒളിമ്പിക്സിൽ 96 കിലോ വിഭാഗത്തിലായിരുന്നു മത്സരിച്ചതെങ്കിൽ ഇത്തവണ ഭാരവിഭാഗം കൂട്ടിയാണ് ഫാരിസ് ഇറങ്ങുന്നത്. ഖത്തറിന്റെ ആദ്യ
ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവെന്ന റെക്കോഡ് കൂടി താരത്തിനുണ്ട്. ഹൈജംപ് യോഗ്യത റൗണ്ടിൽ 2.27 മീറ്റർ ചാടിയാണ് മുഅതസ് ബർഷിം ഫൈനലിലെത്തിയത്. യോഗ്യത മത്സരത്തിനിടെ പേശീവലിവുകാരണം വീണുപോയ ബർഷിം, പക്ഷേ വീര്യം വീണ്ടെടുത്ത് മികച്ച ഉയരം താണ്ടി ഫൈനലിലേക്ക് ഇടം നേടി. പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും ഫൈനലിന് താരം പൂർണ ഫിറ്റാണെന്നും ഖത്തർ അത്ലറ്റിക് ഫെഡറേഷൻ അറിയിച്ചു.
വ്യാഴാഴ്ച രാത്രി നടന്ന ബീച്ച് വോളി സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ സഖ്യത്തോട് തോറ്റ ഖത്തറിന്റെ ഷെരീഫ് യൂനുസ്-അഹമ്മദ് തിജാൻ സഖ്യം ശനിയാഴ്ച വെങ്കലത്തിനായി മത്സരിക്കും. നോർവേയുടെ ആന്ദ്രെ മോയ്-ക്രിസ്റ്റ്യൻ സോറം സഖ്യത്തിനെതിരെയാണ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം. അപരാജിത കുതിപ്പ് നടത്തിയ ഖത്തർ സഖ്യം സെമിയിൽ സ്വീഡിഷ് സഖ്യത്തിന് മുന്നിൽ നേരിട്ടുള്ള സെറ്റിനായിരുന്നു കീഴടങ്ങിയത്.
നേരത്തേ ഗ്രൂപ് റൗണ്ടിൽ തോൽപിച്ചവരോട് പക്ഷേ, ഇത്തവണ കാലിടറി. 13-21, 17-21 സ്കോറിനായിരുന്നു തോൽവി. ഈഫൽ ടവർ സ്റ്റേഡിയത്തിൽ 10,000ത്തിലേറെ നിറഞ്ഞ ഗാലറിക്ക് മുന്നിലായിരുന്നു സെമി മത്സരം. രാത്രി 10നാണ് ഖത്തറും നോർവേയും തമ്മിലെ മെഡൽ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.