ഗാർഹിക ജീവനക്കാർക്കും തൊഴിലാളികൾക്കും പ്രത്യേക ക്വാറൻറീൻ സൗകര്യം

ദോഹ: ഗാർഹിക ജീവനക്കാർക്കും തൊഴിലാളികൾക്കുമായി 14 ദിവസത്തെ ക്വാറൻറീൻ പാക്കേജുകൾ അവതരിപ്പിച്ച് ഡിസ്​കവർ ഖത്തർ. ഡിസ്​കവർ ഖത്തറി​െൻറ വെബ്സൈറ്റിലാണ് ഖത്തറിലെത്തുന്ന ഗാർഹിക തൊഴിലാളികൾ, കമ്പനി ജീവനക്കാർ, മറ്റ് തൊഴിലാളികൾ എന്നിവർക്കായി 14 ദിവസത്തെ ഷെയേഡ് ക്വാറൻറീൻ പാക്കേജുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്കായുള്ള 3, 4, 5 സ്​റ്റാർ ഹോട്ടലുകളിലെ ഏഴു ദിവസത്തെ ക്വാറൻറീൻ പാക്കേജുകൾക്ക് പുറമെയാണിത്. ഷെയർ താമസകേന്ദ്രങ്ങളിൽ ഖത്തറിൽ താമസിച്ചിരുന്നവർക്കും ഇത്​ സൗകര്യപ്രദമാണ്​. സൽവ റോഡിൽ അൽ ശീഹാനിയയിലെ മികൈനിസ്​ മേഖലയിലെ മികൈനിസ്​ മോട്ടലിലാണ് 14 ദിവസത്തെ മോട്ടൽ പാക്കേജ് ലഭ്യമായിട്ടുള്ളത്. അക്കമഡേഷൻ കാറ്റഗറികൾ: സിംഗ്​ൾ റൂം – പുരുഷൻ, ഷെയേഡ് റൂം – പുരുഷന്മാർ, സിംഗ്​ൾ റൂം– സ്​ത്രീ, ഷെയേഡ് റൂം– സ്​ത്രീകൾ.

48 മണിക്കൂർ മുമ്പ്​ ബുക്ക് ചെയ്യണം

യാത്രയുടെ 48 മണിക്കൂർ മുമ്പായി റൂമുകൾ ബുക്ക് ചെയ്തിരിക്കണം. ഒരു ബുക്കിങ്ങിൽ പരമാവധി മൂന്നു പേരെ മാത്രമേ അനുവദിക്കൂ. ഒരു ബുക്കിങ്ങിലെ എല്ലാവരും ഒരേ വിമാനത്തിൽ എത്തിയിരിക്കുകയും ഒരേ ഇനം റൂം ബുക്ക് ചെയ്തിരിക്കുകയും വേണം. പത്തോ അതിലധികമോ പേർക്കുള്ള ഗ്രൂപ്​ ബുക്കിങ്​ ആവശ്യമുള്ള തൊഴിലുടമകൾ ഡിസ്​കവർ ഖത്തറുമായി നേരിട്ട് ബന്ധപ്പെടണം. എന്നാൽ, ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് ലഭിച്ചശേഷം മാത്രമേ ക്വാറൻറീൻ റൂം ബുക്ക് ചെയ്യാൻ പാടുള്ളൂ. ഡോർമിറ്ററിയിൽ വ്യക്തിഗത ബുക്കിങ്​ ആവശ്യമുള്ളവർ എൻട്രി പെർമിറ്റുമായി അപേക്ഷിക്കണം.  ഷെയേഡ് മോട്ടലിൽ 14 ദിവസത്തെ താമസം ലഭ്യമാകും. ദിവസത്തിന് 105 റിയാലാണ് നിരക്ക്.

ഇതിൽ മൂന്നു ദിവസത്തെ ഭക്ഷണം ഉൾപ്പെടും. കൂടാതെ വിമാനത്താവളത്തിൽനിന്ന്​ ഹോട്ടലിലേക്കുള്ള ഗതാഗതവും. ഷെയേഡ് അക്കമഡേഷന് 14 ദിവസത്തേക്ക് 2160 റിയാലും സിംഗ്​ൾ റൂമിന് 4302 റിയാലുമാണ് നിരക്കുകൾ. വ്യക്തിഗത ബുക്കിങ്ങിൽ ഷെയേഡ് റൂമിന് അധികമായി 700 റിയാലും സിംഗ്​ൾ റൂമിന് 1400 റിയാലും ബുക്കിങ്​ സമയത്ത് ഇൻഷുറൻസ്​ തുകയായി നൽകിയിരിക്കണം. 14 ദിവസത്തിൽ അധികം ക്വാറൻറീൻ ആവശ്യമാണെങ്കിൽ ഈ തുക ഉപയോഗപ്പെടുത്തും. 14 ദിവസം മാത്രമേ താമസമുള്ളൂവെങ്കിൽ തുക മടക്കിനൽകും. റൂമുകളിൽ എന്തെങ്കിലും നാശനഷ്​ടങ്ങൾ സംഭവിച്ചാലും ഈ തുകയിൽനിന്ന്​ നഷ്​ടപരിഹാരം ഈടാക്കുന്നതായിരിക്കും.10ൽ കൂടുതൽ പേർക്കായി ബുക്ക് ചെയ്യുന്ന തൊഴിലുടമകൾ +974 5550 2246 നമ്പറിലോ holidays@qatarairways.com.qa എന്ന ഇ–മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.