ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ വിപണിയിലെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പരിശോധന കാമ്പയിന് രൂപം നൽകി മുനിസിപ്പാലിറ്റി മന്ത്രാലയം. അൽ റയ്യാൻ മുനിസിപ്പാലിറ്റിക്കു കീഴിൽ വാണിജ്യസ്ഥാപനങ്ങളിലും അൽ സൈലിയ സെൻട്രൽ മാർക്കറ്റിലുമായി നടക്കുന്ന പരിശോധനക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു. രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായാവും പരിശോധന നടക്കുക. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെയും പ്രാദേശിക ഉൽപന്നങ്ങളുടെയും വിൽപന മുനിസിപ്പാലിറ്റി അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കും.
അനധികൃത വിൽപനക്കാരെ തടയാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പിടികൂടാനും അധികൃതരിൽ നിന്നും നടപടിയുണ്ടാവും. രാവിലെ പത്തു മുതൽ ഉച്ച ഒരു മണി വരെയും രാത്രി എട്ടു മുതൽ പുലർച്ചെ ഒരു മണിവരെയുമായാവും പരിശോധന ഷിഫ്റ്റുകൾ. അൽ അസിസിയ മാർക്കറ്റിൽ രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടു വരെയും രാത്രി എട്ടു മുതൽ പുലർച്ചെ ഒരു മണിവരെയുമാവും പ്രവർത്തനസമയം.
സ്ഥാപനങ്ങൾക്കെതിരെ നടപടി
ദോഹ: റമദാൻ ഒരുക്കങ്ങളുടെ ഭാഗമായി ദോഹ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആറു സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റമദാൻ ഒരുക്കങ്ങളുടെ ഭാഗമായി പരിശോധന നടന്നത്. ഇത് പെരുന്നാൾ വരെ നീണ്ടുനിൽക്കുമെന്നും അറിയിച്ചു. നിയമ ലംഘനം നടത്തിയ ആറു സ്ഥാപനങ്ങൾക്ക് അഞ്ചു മുതൽ 15 ദിവസം വരെ അടച്ചിടാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.