ദോഹ: ലോകമാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് റാസ്ലഫാൻ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം മാനസികാരോഗ്യ, തൊഴിലാളി സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും മറ്റുമായി ശിൽപശാലയും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. അൽ ഖോർ സ്പോർട്സ് ക്ലബിൽ നടന്ന പരിപാടിയിൽ 14 കമ്പനികളിൽ നിന്നായി 870 തൊഴിലാളികൾ പങ്കെടുത്തു. തൊഴിലാളികൾക്കുള്ള മാനസികാരോഗ്യ നിർദേശങ്ങൾ, അവരുടെ ക്ഷേമത്തിലും ഉൽപാദനക്ഷമതയിലും മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, റോഡ് ഉപയോക്താക്കൾക്കുള്ള മാനസികാരോഗ്യ അവബോധം തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ.
വിവിധ പരിശീലന പരിപാടികളും അരങ്ങേറി. തൊഴിലാളികളുടെ മാനസികവും ശാരീരികവുമായി കരുത്തിന് മാനസികാരോഗ്യം പ്രധാനഘടകമാണെന്നും അത്തരത്തിലുള്ള ശ്രമങ്ങൾ സജീവമാക്കുന്നതിൽ ഈ പരിപാടികൾ നിർണായകമാണെന്നും ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് വകുപ്പ് മീഡിയ സ്റ്റഡീസ് മേധാവി ശൈഖ അൽ അനൂദ് ആൽ ഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.