ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഹമദ് ജനറൽ ആശുപത്രി നവീകരണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആദ്യത്തിൽ ആരംഭിക്കാനിരിക്കെ ഏതാനും സേവനങ്ങൾ പുനഃക്രമീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയെ അത്യാധുനിക പരിശോധന സംവിധാനങ്ങളോടെ നവീകരിക്കുന്നതിനുള്ള ജോലികൾ 2025 തുടക്കത്തിൽ ആരംഭിച്ച് മൂന്നു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ആശുപത്രിയുടെ രണ്ട് ഇ.പി ടവറുകളും, പ്രധാന കെട്ടിടത്തിന്റെ താഴെ നിലയിലുമാണ് ജോലികൾ നടക്കുന്നത്.
അതിന്റെ ഭാഗമായി ഐ.പി കെട്ടിടങ്ങളിലെ പ്രവർത്തനങ്ങൾ വരുംമാസങ്ങളിൽ അവസാനിപ്പിച്ച് മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ കോർപറേറ്റ് കമ്യൂണിക്കേഷൻ ആക്ടിങ് ഡെപ്യൂട്ടി ചീഫ് നായിഫ് അൽ ഷമ്മാരി അറിയിച്ചു.
ഈ കെട്ടിടങ്ങളിലെ വിവിധ ഒ.പി പരിശോധന ക്ലിനിക്കുകൾ മറ്റു ആശുപത്രികളിലേക്ക് മാറ്റും. ഹമദ് ജനറൽ ആശുപത്രിയിൽനിന്നു മാറ്റുന്ന അധിക സേവനങ്ങളും ആഇശ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി, മെഡിക്കൽ കെയർ ആൻഡ് റിസർച്ച് സെന്റർ എന്നിവടങ്ങളിലാണ് തുടരുക.
അതേസമയം, നിലവിലുള്ള കൂടുതൽ ഒ.പി ക്ലിനിക്കുകളും ഇവിടെത്തന്നെ തുടർന്നും പ്രവർത്തിക്കും. ഐ.പി രോഗികൾക്കായുള്ള സർജികൽ സ്പെഷാലിറ്റി സെന്റർ, ട്രോമ ആൻഡ് എമർജൻസി സെന്റർ, ബോൺ ആൻഡ് ജോയന്റ് സെന്റർ, പീഡിയാട്രിക് എമർജൻസി സെന്റർ, ഫഹദ് ബിൻ ജാസിം കിഡ്നി സെന്റർ എന്നിവ തുടർന്നും ഇവിടെ പ്രവർത്തിക്കുമെന്ന് നായിഫ് അൽ ഷമ്മാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.