ദോഹ: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുകയും പരിസ്ഥിതി ആഘാത റിപ്പോർട്ട് അടക്കമുള്ള നടപടിക്രമങ്ങൾ വേഗം പൂർത്തീകരിച്ച് വികസനം സാധ്യമാക്കണമെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ കേരള സർക്കാറിനോടും ബന്ധപ്പെട്ട എം.പിമാരോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നേരത്തേ 2023 മാർച്ച് 31നകം ഭൂമി ഏറ്റെടുത്ത് നൽകണമെന്നായിരുന്നു കേന്ദ്രം നിർദേശിച്ചത്.
സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയുടെ നീളം കുറച്ച് ആഗസ്റ്റ് ഒന്നോടെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ ) ക്കായി സ്ഥലം കണ്ടെത്തേണ്ടതായി വരുമെന്ന കേന്ദ്ര സർക്കാറിന്റെ നിർദേശം കണക്കിലെടുത്ത് സ്ഥലം ലഭ്യമാക്കിയില്ലെങ്കിൽ വലിയ വിമാനങ്ങൾ ഇറക്കാനുള്ള സാധ്യത ഇല്ലാതെയാവുകയും പ്രവാസികൾ അടക്കമുള്ളവർക്കും ഇപ്പോൾ ലഭിച്ച ഹജ്ജ് എംബാർക്കേഷൻ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാതായി പ്രയാസത്തിലാവുമെന്നും സംഘടന ആശങ്കയറിയിച്ചു.
നേരത്തേ നൂറ് ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് 14.5 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾ ഉറപ്പുനൽകിയിരിക്കുകയാണ്.
പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജന. സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ ഏലത്തൂർ, ഗഫൂർ കോഴിക്കോട്, പി.പി. സുബൈർ, അബ്ദുൽ ഗഫൂർ എ.ആർ, അൻവർ സാദത്ത് ടി.എം.സി, കോയ കൊണ്ടോട്ടി, അൻവർ ബാബു, ഷാഫി മൂഴിക്കൽ, അബ്ദുൽ കരീം ഹാജി മേമുണ്ട, മശ്ഹൂദ് വി.സി, അമീൻ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.