ദോഹ: ലോകകപ്പിനായി എട്ട് വേദികളിലേക്ക് ലക്ഷക്കണക്കിന് വരുന്ന കാണികളുടെ സുഗമമായ യാത്രക്കായി സർവസന്നാഹത്തോടെ രംഗത്തിറങ്ങുകയാണ് ഖത്തറിെൻറ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത്. മറ്റു മേഖലകൾ എന്ന പോലെ ഫിഫ അറബ് കപ്പ് മുവാസലാത്തിനും ട്രയൽ റണായിരുന്നു. 19 ദിനം നീണ്ടുനിന്ന ചാമ്പ്യൻഷിപ് ഖത്തറിെൻറ ലോകകപ്പിലേക്കുള്ള തയാറെടുപ്പിൽ ഏറ്റവും വിജയകരമായി തന്നെ ട്രയൽ റൺ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കുന്നു. 16 ടീമുകളുടെ ടൂർണമെന്റിനായി ഗാലറികളിലേക്ക് ഒഴുകിയെത്തിയ കാണികൾ കൂടുതലും ആശ്രയിച്ചത് മുവാസലാത്തിെൻറ ബസ് സർവിസുകളായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1.90 ലക്ഷം സർവിസ് മണിക്കൂറുകൾകൊണ്ട് സ്റ്റേഡിയത്തിലേക്കും തിരികെയും മറ്റ് ഇടങ്ങളിലേക്കുമായി 14 ലക്ഷം യാത്രക്കാർക്കാണ് അറബ് കപ്പ് കാലയളവിൽ മുവാസലാത്ത് ഉപയോഗപ്പെട്ടത്. ഉപയോഗപ്പെടുത്തിയവരുടെ എണ്ണമെടുത്താൽ 3.43 ലക്ഷം ജനങ്ങൾ. ഒരാൾ വിവിധ മത്സരങ്ങൾക്കായി പലതവണ ബസിനെ ആശ്രയിച്ചത് കൂട്ടുമ്പോഴാണ് കണക്ക് 14 ലക്ഷത്തിലെത്തുന്നത്. 4000 ബസുകളും സർവിസ് നടത്തി. വരാനിരിക്കുന്ന ലോകകപ്പിന് പൊതുഗതാഗത സംവിധാനം കാണികൾക്ക് ഏറ്റവും സ്വീകാര്യമായി മാറുമെന്നതിെൻറ തെളിവാണ് അറബ് കപ്പിലെ വിജയമെന്ന് മുവാസലാത്ത് സി.ഇ.ഒ ഫഹദ് അൽ ഖഹ്താനി പറയുന്നു.
'ആയിരത്തിലേറെ ഡ്രൈവർമാർ, മെക്കാനിക്, ബസ് ഓപറേഷൻ സ്റ്റാഫ് എന്നിവരാണ് സേവനസന്നദ്ധരായത്. ടൂർണമെന്റ് കാലയളവിൽ സുഖകരമായ യാത്രക്കായി 3000ത്തോളം ഡീസൽ, ഇലക്ട്രിക് ബസുകളും വാങ്ങി' -അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളെ സംയോജിപ്പിച്ചുകൊണ്ടായിരുന്നു വിജയകരമായി സർവിസുകൾ നടത്തിയത്. പരിചയ സമ്പന്നരായ സംഘത്തിനൊപ്പം ഐ.ടി വിദഗ്ധർ, സർവിസുകളും ഓപറേഷനും നിയന്ത്രിക്കാനുള്ള സ്മാർട്ട് ഫ്ലീറ്റ് ടെക്നോളജി എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. എല്ലാ ബസുകളും സമാന്തരമായി നിരീക്ഷിക്കുന്നതിനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും കാര്യക്ഷമത ഉറപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ എന്നിവയും നിർണായകമായി. 2022ലേക്കുള്ള ലക്ഷ്യത്തിനിടയിൽ അറബ് കപ്പ് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിമാനകരമാണ് -ഫഹദ് അൽ ഖഹ്താനി പറഞ്ഞു. ലോകകപ്പ് ഫുട്ബാള്‍ കാലത്തെ ഗതാഗതം സുഗമമാക്കുന്നതിന് നാലായിരത്തിലേറെ ഡീസല്‍, ഇലക്ട്രിക് ബസുകളാണ് ഖത്തര്‍ തയാറാക്കിയിരിക്കുന്നത്. ഇതിെൻറ പരീക്ഷണവും വിജയകരമായി. അറബ് കപ്പ് മത്സര സ്റ്റേഡിയങ്ങളിലേക്കും കോര്‍ണിഷും കതാറ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുമായി 28 സ്ഥലങ്ങളിലേക്കാണ് സർവിസ് നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സര്‍വിസ്. ബസുകളുടെ ആകെ ശേഷിയുടെ 75 ശതമാനം മാത്രമാണ് ആളുകളെ കയറ്റിയത്.
ആശ്രയമായി ഷട്ട്ൽ സർവിസ്
അറബ്കപ്പ് ടൂർണമെന്റ് വേളയിൽ മെട്രോ ഷട്ട്ൽ, പാർക് ആൻഡ് റൈഡ് ഷട്ട്ൽ സർവിസുകളായിരുന്നു പ്രധാനം. മെട്രോ സ്റ്റേഷനുകളിൽനിന്നും സ്റ്റേഡിയം പരിസരത്തേക്കായിരുന്നു മെട്രോ ഷട്ട്ൽ. അൽവക്റ മെട്രോ സ്റ്റേഷനിൽനിന്നും അൽ ജനൂബ് സ്റ്റേഡിയം, ഫ്രീസോൺ സ്റ്റേഡിയത്തിൽനിന്നും അൽ തുമാമ സ്റ്റേഡിയം, ലുസൈൽ മെട്രോ സ്റ്റേഷനുകളിൽനിന്ന് അൽ ബെയ്ത് സ്റ്റേഡിയം എന്നിവയാണ് മെട്രോ ഷട്ട്ലിൽ പ്രധാനം. പാർക് ആൻഡ് റൈഡ് ഷട്ടിലിൽ അൽബെയ്ത്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, റാസ് അബൂഅബൂദ് സ്റ്റേഡിയം, അൽ ജനൂബ് എന്നിവിടങ്ങളിൽ കാണികൾക്ക് കാൽനട പൂർണമായും ഒഴിവാക്കുന്നതരത്തിൽ സർവിസ് നടത്തി. ഇതിന് പുറമെ, മാധ്യമപ്രവർത്തകർ, ഫിഫ സ്റ്റാഫ്, വളന്റിയർമാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി ഷട്ട്ൽ സർവിസുകളും നടത്തി. ടൂർണമെന്റ് കാലയളവിൽ മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സർവിസുകൾ ദിവസം 21 മണിക്കൂറും നഗരങ്ങളിലൂടെ ഓടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.