ദോഹ: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യം ശ്രദ്ധേയമാകുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് വോട്ടർമാരായും സ്ഥാനാർഥികളായും നിരവധി വനിതകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ തുറകളിലെയും പ്രത്യേകിച്ച് രാജ്യ പുരോഗതിയുടെയും വികസനത്തിെൻറയും നട്ടെല്ലായ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ തങ്ങളുടെ വ്യക്തമായ പങ്കാളിത്തം അടയാളപ്പെടുത്തുന്നതിലെ പ്രാധാന്യത്തെയാണ് സ്ത്രീ പങ്കാളിത്തം വ്യക്തമാക്കുന്നത്. സ്ത്രീ ശാക്തീകരണ രംഗത്തും സാധ്യമാകുന്ന എല്ലാ ഇടങ്ങളിലും സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തം നൽകുന്നതിലും മേഖലയിൽ ഒരുപിടി മുന്നിലാണ് ഖത്തറെന്ന് ഒരിക്കൽകൂടി ശരിവെക്കുന്നതാണ് ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്.
എല്ലാ മേഖലകളിലും പുരുഷന്മാർക്ക് തുല്യമായ പങ്കാളിത്തം നൽകുന്നതിലും ഉന്നത സ്ഥാനങ്ങളിലടക്കം സ്ത്രീകളെ നിയോഗിക്കുന്നതിലും ഖത്തർ മുമ്പന്തിയിലാണെന്ന് പ്രാദേശിക പത്രമായ അൽറായക്ക് നൽകിയ വിശദീകരണത്തിൽ ഖത്തരി വനിത വ്യക്തമാക്കി. ശൂറാ കൗൺസിലിെൻറ മുൻ പതിപ്പിലും സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കൂടാതെ സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കും നിരവധി സ്ത്രീകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജനാധിപത്യ രീതിയിൽ നടക്കാനിരിക്കുന്ന പ്രഥമ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം വനിതകളുടെ പ്രഫഷനൽ കരിയർ രംഗത്ത് വലിയ സ്വാധീനം ചെലുത്തുമെന്നും വനിതകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർണായക സാന്നിധ്യമാകുമെന്നും ഖത്തറിലെ നിയമജ്ഞയായ മുന അൽ മുതവ്വ പറയുന്നു.
സ്ത്രീ ശാക്തീകരണമേഖയിൽ സർക്കാറിന് വ്യക്തമായ പദ്ധതിയുണ്ടെന്നതിന് തെളിവാണിതെന്നും മേഖലയിൽ സ്ത്രീ ശാക്തീകരണ രംഗത്ത് ഖത്തർ വളരെ മുമ്പന്തിയിലാണെന്നും മുന അൽ മുതവ്വ വ്യക്തമാക്കി. ശൂറാ കൗൺസിലിലെ സ്ത്രീ പ്രാതിനിധ്യവും പങ്കാളിത്തവും സ്ത്രീ-കുടുംബ പ്രശ്നങ്ങളുന്നയിക്കുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും നിർണായക പങ്കുവഹിക്കുമെന്ന് കരിയർ ഡെവലപ്മെൻറ് മേഖലയിലെ പരിചയ സമ്പന്നയായ ഡോ. മുന ഉമൈർ അൽ നുഐമി പറയുന്നു. ഉയർന്ന പദവികളിലെ സ്ത്രീ നിയമനങ്ങൾ ഏറെ വിജയകരമായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞതാണെന്നും എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യ പദവി നൽകുന്ന ഖത്തർ സ്ത്രീ ശാക്തീകരണ രംഗത്ത് പ്രത്യേക പ്രശംസ അർഹിക്കുന്നതായും ഡോ. മുന അൽ നുഐമി പറഞ്ഞു. വലിയ ഉത്തരവാദിത്തങ്ങളിൽ തങ്ങളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്നതിൽ രാജ്യത്തെ സ്ത്രീജനങ്ങൾ അവബോധവമുള്ളവരാണെന്ന് തെളിയിക്കുന്നതാണ് ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പ്രാഥമിക പട്ടികയിലെ 29 വനിതകളുടെ സാന്നിധ്യമെന്നാണ് ശഫല്ലഹ് സെൻററിലെ ഫാമിലി സപ്പോർട്ട് വിഭാഗം മേധാവിയായ ഹുദ അൽ മുഗൈസിബിെൻറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.