ദോഹ: ജനാധിപത്യ രീതിയിലെ പ്രഥമ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൻെറ ഭാഗമായുള്ള വോട്ടർ പട്ടികയിൽ പേർ ചേർക്കുന്നതിനുള്ള രജിസ്േട്രഷൻ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുപ്പിൻെറ ആദ്യഘട്ടമായി വിലയിരുത്തപ്പെടുന്ന വോട്ടർ പട്ടിക രജിസ്േട്രഷൻ നടപടികൾ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. രാജ്യത്തിൻെറ വിവിധ മേഖലകളിലായുള്ള 30 ഇലക്ട്രൽ ജില്ലകളിലാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. വോട്ടുചേർക്കലിന് ശേഷം പ്രാഥമിക വോട്ടർ പട്ടിക ആഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
ഖത്തറിൽ ജനിച്ച, ഖത്തരി പൗരത്വമുള്ള, പിതാമഹൻ ഖത്തരിയായ, 2021 ആഗസ്റ്റ് 22ലേക്ക് 18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. യോഗ്യരായ മുഴുവൻ പൗരന്മാരും രജിസ്േട്രഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി സ്വദേശികളോട് ആഹ്വാനം ചെയ്തിരുന്നു.
മെട്രാഷ് 2 ആപ്ലിക്കേഷൻ വഴിയോ എസ്.എം.എസ് വഴിയോ അല്ലെങ്കിൽ ഇലക്ട്രൽ ആസ്ഥാനത്ത് നേരിട്ടെത്തിയോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. നിയമനിർമാണ സഭയായ ശൂറാ കൗൺസിലിലേക്ക് ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. രാജ്യത്തിൻെറ ചരിത്രത്തിൽ ശൂറാ കൗൺസിലിലേക്ക് ജനാധിപത്യരീതിയിൽ നടക്കുന്ന പ്രഥമ തെരഞ്ഞെടുപ്പിനാണ് ഒക്ടോബറിൽ രാജ്യം സാക്ഷ്യം വഹിക്കാനിരിക്കുന്നത്.
30 ഇലക്ട്രൽ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളായിരിക്കും ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. കഴിഞ്ഞ വർഷം നവംബറിലാണ് ശൂറാ കൗൺസിലിലേക്ക് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.