ദോഹ: റോബോട്ടിനെ ഉപയോഗിച്ച് ഖത്തറിലെ പ്രഥമ പാൻക്രിയാറ്റിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) അറിയിച്ചു.
മധ്യവയസ്കയിലെ പാൻക്രിയാസിലെ മുഴയാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കിയത്. വയറിലെ കടുത്ത വേദനയുമായി എത്തിയ രോഗിയെ വിദഗ്ധ പരിശോധനക്കുശേഷം എം.ആർ.ഐ, സി.ടി സ്കാനുകൾക്ക് വിധേയമാക്കിയതിനെ തുടർന്നാണ് പാൻക്രിയാസിൽ വലിയ മുഴ കണ്ടെത്തിയത്.
ഹമദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ അത്യാധുനിക സർജിക്കൽ റോബോട്ടിക് സംവിധാനമായ 'ഡാവിഞ്ചി 11' ഉപയോഗിച്ച് പാൻക്രിയാസിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കി. സാധാരണ ശസ്ത്രക്രിയക്ക് എടുക്കുന്നതിലും കുറഞ്ഞ സമയം കൊണ്ടും അധികം രക്തം നഷ്ടപ്പെടാതെയുമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് നേതൃത്വം നൽകിയ എച്ച്.എം.സി റോബോട്ടിക് സർജറി വിഭാഗം മേധാവി ഡോ. ഹാനി അതാലഹ് പറഞ്ഞു. ഡോ. ഇബ്നൂഫ് സുലൈമാൻ, ഡോ. ഹാനി അതാലഹ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിനകംതന്നെ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതായും രോഗിയെ ഡിസ്ചാർജ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
ത്രിമാന എച്ച്.ഡി വിഷൻ സാങ്കേതികവിദ്യയാണ് ഡാവിഞ്ചി റോബോട്ടിലുപയോഗിക്കുന്നത്, ഏറ്റവും സൂക്ഷമതയും കൃത്യതയുമാണ് ഇതിെൻറ സവിശേഷത -അദ്ദേഹം പറഞ്ഞു. മറ്റു ശസ്ത്രക്രിയയിൽ നിന്നും വ്യത്യസ്തമായി വേഗത്തിൽ മുറിവ് ഉണങ്ങുകയും ചെയ്യും -ഡോ. അതാലഹ് വ്യക്തമാക്കി.
വൈദ്യശാസ്ത്ര മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഏറ്റവും മികച്ച ചികിത്സ നൽകുന്നതിലെ രാജ്യത്തിെൻറ പ്രതിബദ്ധതയെയാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറവ് രക്തനഷ്ടം, ശസ്ത്രക്രിയക്ക് ശേഷമുള്ള വേദനയിൽ കുറവ്, വേഗത്തിൽ രോഗമുക്തി എന്നിവ സവിശേഷതയാണ്. റോബോട്ടിസ് ശസ്ത്രക്രിയ മികച്ച ശസ്ത്രക്രിയ ചികിത്സയിൽ സുപ്രധാന നാഴികക്കല്ലാണെന്നും വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ ഇനി മുതൽ ഖത്തറിൽനിന്നുതന്നെ ഇത്തരം ശസ്ത്രക്രിയകൾ പൂർത്തിയാക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.