ദോഹ: ബധിരരും മൂകരുമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും അവരുടെ ആശയ വിനിമയം കൂടുതൽ എളുപ്പവുമാക്കാനായി ആംഗ്യഭാഷ ആപ്പുമായി ഖത്തർ സാമൂഹിക വികസന, കുടുംബ ക്ഷേമ മന്ത്രാലയം. ആംഗ്യഭാഷയിലെ അടയാളങ്ങളും വിശാലമായ നിഘണ്ടുവുമായി ‘സുകൂൻ’ എന്ന പേരിലാണ് പുതിയ ആപ് തയാറാക്കിയത്. ഖത്തർ അസിസ്റ്റീവ് ടെക്നോളജി സെന്ററുമായി (മാഡ) സഹകരിച്ച് തയാറാക്കിയ ‘സുകൂൻ’ ആപ്പിൽ 15,000 അറബി പദങ്ങളാണ് അവയുടെ ആംഗ്യത്തോടെ ഉൾക്കൊള്ളിച്ചത്.
കൂടുതൽ ആശയവിനിമയ സാധ്യതയുടെ ഭാഗമായി പദാവലി നവീകരിക്കുന്നതുൾപ്പെടെ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക വികസന, കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് പറഞ്ഞു. ആംഗ്യഭാഷ പഠിപ്പിക്കുകയും അത് അറബ് മേഖലയിലും ലോക രാജ്യങ്ങളിലും പ്രചരിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘സുകൂൻ’ ആപ് വ്യക്തികളെ കൂടുതൽ എളുപ്പത്തിൽ ആംഗ്യഭാഷ പഠിക്കാനും ബധിരരും മൂകരുമായ വ്യക്തികളുമായി ബന്ധിപ്പിക്കുന്ന ഒരു സാമൂഹിക ശൃംഖല രൂപപ്പെടുത്താനും സഹായിക്കും. കൂടാതെ, സമൂഹവുമായുള്ള ആശയവിനിമയത്തിന്റെ സാധ്യതയും അവരിൽ വർധിപ്പിക്കുന്നതിന് ആപ് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി മർയം അൽ മിസ്നാദ് കൂട്ടിച്ചേർത്തു.ഉപയോക്തൃ സൗഹൃദവും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള വിദ്യാഭ്യാസ, വിനോദ ഉള്ളടക്കവും ആപ്പിനെ വ്യത്യസ്തമാക്കുന്നു. നിലവിൽ 2637 പദങ്ങളും 485 വാക്യങ്ങളും വിവിധ മേഖലകളിലായി 20 വർഗീകരണങ്ങളും ആപ്പിലുണ്ട്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ ആപ്പിൽ സെർച് ചെയ്യാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.