ദോഹ: മധ്യവേനലിലെ ചൂട് ഉച്ചിയിലെത്തിനിൽക്കെ, തൊഴിലാളികൾക്ക് ബോധവത്കരണ കാമ്പയിനുമായി ഖത്തർ ദേശീയ മനുഷ്യാവകാശ കമീഷൻ.
പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗംകൂടിയാണ് കാമ്പയിന്. നിര്‍മാണം, വ്യവസായം, ഡെലിവറി സര്‍വിസ് മേഖലകളിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് എൻ.എച്ച്.ആർ.സിയുടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ചൂടുകാലത്ത് പുറംജോലികളുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിയന്ത്രണമുണ്ട്. സെപ്റ്റംബര്‍ 15 വരെ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ ഉച്ചവിശ്രമം നിര്‍ബന്ധമാണ്. ഇതുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് കാമ്പയിന് വഴി ലക്ഷ്യമിടുന്നത്. ഖത്തര്‍ ഭരണഘടനക്ക് അനുസൃതമായി മനുഷ്യാവകാശങ്ങളില്‍ വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലെന്ന് എൻ.എച്ച്.ആർ.സി ചെയര്പേഴ്സൻ മറിയം ബിന്ത് അബ്ദുല്ല അല്‍ അതിയ്യ പറഞ്ഞു. തൊഴിലാളികളുടെ മാനുഷികമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ഉറപ്പാക്കാനുമാണ് സംഘടന ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഡെലിവറി സേവനമേഖലയില്‍ ജോലി ചെയ്യുന്നവരെ ചൂടില്‍നിന്ന് സംരക്ഷിക്കുന്നതിന് കൃത്യമായ ഇടപെടലുകള്‍ വേണ്ടതുണ്ട്. ഉച്ചവിശ്രമനിയമത്തെക്കുറിച്ച് തൊഴിലുടമകളെയും
തൊഴിലാളികളെയും ബോധവത്കരിക്കുകയും തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും കാമ്പയിനിന്റെ ലക്ഷ്യമാണ്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ചൂടും ഹ്യുമിഡിറ്റിയും അനുഭവപ്പെടുന്ന മേഖലയാണ് ഖത്തർ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങൾ. വിവിധ നിർമാണ മേഖലകളിൽ നിരവധി തൊഴിലാളികൾ ജോലി ചെയ്യുകയും ചെയ്യും. എന്നാൽ, വേനൽക്കാലത്ത് ഇവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി കൃത്യമായ നിയമസംവിധാനങ്ങളും പരിശോധനകളും നടക്കുന്നുണ്ട് -മറിയം ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.